‘ഉപ്പും മുളകും’ പരിപാടിയിലെ ബാലുവിന്‍റെ അമ്മയെ കാണാനെത്തി തോമസ് ഐസക്; മനോഹരമായ ഒരു കൂടിക്കാഴ്ചയെക്കുറിച്ച്

September 17, 2019

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍. പരിപാടിയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും പരിപാടിയില്‍ ബാലുവിന്റെ അമ്മയായ ശാരദ എന്ന കഥാപാത്രെത്തെ അവതരിപ്പിക്കുന്നത് മനോഹരി എന്ന താരമാണ്. മനോഹരിയെ കാണാന്‍ കഴിഞ്ഞ ദിവസം ഒരു അതിഥിയെത്തി. മന്ത്രി ഡോ. തോമസ് ഐസക്. മനോഹരമായ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഡോ. തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ബാലുവിന്റെ അമ്മയായി അഭിനയിക്കുന്നത് തുമ്പോളിക്കാരിയാണ് എന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അറിഞ്ഞത്. ആലപ്പുഴയിലെ പ്രതിഭാതീരം പദ്ധതിയുടെ മുഖ്യസംഘാടകരിലൊരാളായ മുന്‍സിപ്പല്‍ ജീവനക്കാരന്‍ പ്രിന്‍സ്, അമ്മയുടെ പിറന്നാളിന് ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. അന്ന് തീരുമാനിച്ചതാണ് വീട്ടില്‍ പോയി അമ്മയെ കാണണമെന്ന്. ഇപ്പോള്‍ വീട്ടില്‍ ചെന്നപ്പോള്‍ പ്രിന്‍സിന്റെ പിറന്നാളാഘോഷം. അതുകൊണ്ട് മറ്റ് മക്കളും പേരക്കിടാങ്ങളും എല്ലാം ഉണ്ടായിരുന്നു. കേക്കും, പാട്ടും, കൈകൊട്ടുമെല്ലാം അടിപൊളി.

ആലപ്പുഴ കൊറ്റംകുളങ്ങര കണ്ടനാട്ട് വീട്ടില്‍ കേശവമേനോന്റെയും അമ്മുക്കുട്ടിയുടെയും മകളായി 1956 ല്‍ ജനിച്ച മനോഹരി സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കലാവാസന പ്രകടിപ്പിച്ചിരുന്നു. പിന്നീട് ആശാന്മാരുടെ കീഴില്‍ നൃത്തവും അഭ്യസിച്ചു. ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത അക്കാഡമിയിലും പഠിച്ചു. തുമ്പോളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദൃശ്യ കലാവേദി എന്ന അമേച്വര്‍ നാടക ട്രൂപ്പ് നടത്തിയിരുന്ന ജോയി ആന്റണിയുമായി പ്രണയത്തിലായി. ഇവരുടെ നാടകമായിരുന്നു ആദ്യ അരങ്ങ്. 1972 ല്‍ വിവാഹം കഴിച്ചു. വിവാഹശേഷം ചെട്ടികുളങ്ങരയിലേക്ക് താമസം മാറി.

ചെട്ടികുളങ്ങര ഹൈസ്‌കൂളില്‍ എട്ട് വര്‍ഷക്കാലം നൃത്താദ്ധ്യാപികയായി ജോലി ചെയ്തു. അത് നഷ്ടപ്പെട്ടതോടെ പ്രൊഫഷണല്‍ നാടക രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. 40 വര്‍ഷക്കാലം 18 നാടക ട്രൂപ്പുകളിലായി 36 പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, കോട്ടയം, കായംകുളം, പാല, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.എന്‍.പിള്ളയോട് ഇന്നും ആരാധനയാണ്. വിശ്വകേരളയുടെ ക്രോസ്സ്‌ബെല്‍റ്റ്, എന്‍.ഒ.സി. , കാപാലിക, പ്രേതലോകം, വിഷമവൃത്തം തുടങ്ങിയവയില്‍ അഭിനയിച്ചു. അതുപോലെ, മനസ്സിനിണങ്ങിയ ഒരു കാലമായിരുന്നു പിരപ്പന്‍കോട് മുരളിയുടെ സംഘചേതനയുടെ സ്വാതിതിരുനാള്‍, സുഭദ്ര സൂര്യപുത്രി, വേലുത്തമ്പി, വിലയ്ക്കുവാങ്ങാം എന്നിവയില്‍ അഭിനയിച്ചിരുന്ന കാലം. 1991 ല്‍ ഭര്‍ത്താവ് അന്തരിച്ചു. തുമ്പോളിയിലേക്ക് താമസം മാറി. 2018 ല്‍ നാടക ജീവിതത്തോട് വിട പറഞ്ഞു.

മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ഈ വര്‍ഷം അരങ്ങ് മാറുകയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തില്‍ നായകന്‍ !ആസിഫ് അലിയുടെ അമ്മയായിട്ട് അഭിനയിച്ചു. ചിത്രം നവരാത്രി നാളില്‍ പ്രദര്‍ശനത്തിനെത്തും.