‘അനന്തരം’: ഈ കുരുന്നുകള്‍ക്ക് വേണം സുമനസ്സുകളുടെ സഹായഹസ്തം

മഹാരോഗങ്ങളുടെ ദുരിതക്കയത്തില്‍ നിന്നും കരകയറാനാകാതെ വേദനിക്കുന്ന അനേകരുണ്ട് നമുക്കിടയില്‍. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം എന്ന പരിപാടി മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് സഹായഹസ്തമൊരുക്കുകയാണ്. നിരവധി സുമനസ്സുകള്‍ അനന്തരം പരിപാടിയിലൂടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എത്തുന്നുണ്ട്.

വിധിയോട് പോരാടുന്ന രണ്ട് കുരുന്നുകളാണ് റോയലും റോബിയും. ചേര്‍ത്തലയാണ് ഇവരുടെ സ്വദേശം. എട്ട് വയസാണ് റോയലിന്റെ പ്രായം. റോബിന് ആറു വയസും. ഈ കുരുന്നുകളുടെ കണ്ണുകളില്‍ ഓരോ ദിവസം കഴിയുംതോറും ഇരുട്ട് കൂടിവരികയാണ്. മ്യൂക്കോപോളിസാക്ക്രിഡോസിസ് എന്ന അപൂര്‍വ്വരോഗമാണ് ഈ സഹോദരങ്ങള്‍ക്ക്. അസ്ഥികള്‍ക്കുള്ളിലെ മജ്ജകള്‍ ഇല്ലാതാകുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും കൈകാലുകള്‍ നിവര്‍ത്താനും കഴിയാത്ത അസുഖം.

സാമ്പത്തികമായി എറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് റോയിലിന്റെയും റോബിയുടെയും മാതാപിതാക്കള്‍. ദിനംപ്രതിയുള്ള കുട്ടികളുടെ ചികിത്സക്കും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് റോയലും റോബിയും.