പെപ്പെ- ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം: ‘അജഗജാന്തരം ഒരുങ്ങുന്നു

November 1, 2019

മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കൂട്ടുകെട്ടാണ് ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിക്ക് ശേഷം പുതിയ സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ‘അജഗജാന്തരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിലെ വ്യത്യസ്തത ചിത്രത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസിന് പുറമെ ചെമ്പൻ വിനോദ് ,അർജുൻ അശോക് ,സാബുമോൻ ,സുധി കോപ്പ ,ലുക്ക്‌ മാൻ ,ജാഫർ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിന്റോ ജോർജ് ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ്‌ ആണ് എഡിറ്റർ. സെൻട്രൽ പിക്ചർസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആന്റണി വർഗീസ് വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജല്ലിക്കട്ട്’ എന്ന സിനിമയാണ് ആന്റിനീ വർഗീസിന്റേതായി വെള്ളിത്തിരയിൽ അവസാനമായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ തമിഴ് അരങ്ങേറ്റമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു  ചർച്ചാവിഷയം. ആദ്യ ചിത്രം ഇളയ ദളപതി വിജയ്‌ക്കൊപ്പമാണെന്നുള്ളതാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം.  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന.

അതേസമയം താരം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്‌ബോള്‍ കളി പ്രേമേയമാക്കിയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രം ഒരുങ്ങുന്നത്.