പിറന്നാള്‍ നിറവില്‍ സഞ്ജു സാംസണ്‍; സഹതാരങ്ങള്‍ക്കൊപ്പം ആഘോഷം: വീഡിയോ

ഇന്ത്യന്‍ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം സഞ്ജു വി സാംസണിന് ഇന്ന് പിറന്നാള്‍. സഹതാരങ്ങള്‍ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് താരം. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിനെതിരെ നടന്ന ടി20 ടീമില്‍ സഞ്ജു ഇടം നേടിയെങ്കിലും പരമ്പരയിലെ മൂന്ന് മത്സരങ്ങളിലൊന്നിലും സഞ്ജുവിന് കളത്തിലിറങ്ങാന്‍ സാധിച്ചില്ല.

1994 നവംബര്‍ പതിനൊന്നിനാണ് സഞ്ജുവിന്റെ ജനനം. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂമില്‍വെച്ചായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ശിവം ദുബേ, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയ താരങ്ങളെയും പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയില്‍ കാണാം.

അതേസമയം ബംഗ്ലാദേശിനെതിരെ നടന്ന ടി20യില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി. നാഗ്പൂരില്‍വെച്ചു നടന്ന നിര്‍ണായക മത്സരത്തിലും വിജയം കൈവരിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് വിജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ അവസാന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായികരുന്നു. അവസാന അങ്കത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

Read more:പ്രായം ഒരു വയസ്സ്; ദേ ഇതാണ് മോഹന്‍ലാലിന്റെ കട്ടഫാന്‍; രസകരം ഈ ‘ലാലേട്ടാ…’ വിളി

ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. കൂടാതെ 52 റണ്‍സ് നേടിയ കെ എല്‍ രാഹുലും 62 റണ്‍സ് നേടിയ ശ്രേയസ് അയ്യരും ഇന്ത്യയ്ക്ക് കരുത്തായി. അതേസമയം ലോക ടി20 ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ദീപക് ചാഹറിന്റേത്. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചാഹര്‍ ആറ് വിക്കറ്റ് എടുത്തത്.

മൂന്നാം അങ്കത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 144 റണ്‍സെടുത്തപ്പോഴേയ്ക്കും ടീമിന് എല്ലാവരെയും നഷ്ടമായി.