ഹനീഫ് അദേനി ചിത്രം ‘ദേവ് ഫക്കീറി’ൽ നായകനായി ആന്റണി വർഗീസ്

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ആന്റണി വർഗീസ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ പെപ്പെ എന്നാണ് ഇപ്പോഴും ആന്റണി അറിയപ്പെടുന്നത്. അന്തർദേശിയ വേദികളിൽ മികച്ച അഭിപ്രായവും പുരസ്കാരങ്ങളും സ്വന്തമാക്കിയ ‘ജെല്ലിക്കെട്ടി’ലാണ് ആന്റണി അവസാനമായി അഭിനയിച്ചത്.

ആന്റണി നായകനാകുന്ന അടുത്ത ചിത്രമാണ് ‘ദേവ് ഫക്കീർ’. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ഹനീഫ് അദേനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹനീഫ് അദേനിയും ബാദുഷയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സാക് ഹാരിസാണ് ദേവ് ഫക്കീർ സംവിധാനം ചെയ്യുന്നത്. ഹനീഫ് അദേനിയുടെ തന്നെയാണ് തിരക്കഥ. ഹനീഫ് അദേനിയുടെ മറ്റു ചിത്രങ്ങൾ പോലെ തന്നെ ഇതും ഡാർക്ക് മൂഡിലുള്ള ചിത്രമായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്.

Read More:ചൂട് കൂടുന്നു; ആരോഗ്യകാര്യത്തിൽ എടുക്കാം കൂടുതൽ കരുതൽ

‘ജെല്ലിക്കെട്ടി’ന്‌ ശേഷം ഒട്ടേറെ ചിത്രങ്ങളാണ് ആന്റണി വർഗീസിനെ തേടി എത്തുന്നത്. ‘അജഗജാന്തരം’, ‘മേരി ജാൻ’, തുടങ്ങിയവയാണ് ആന്റണിയുടെ പുതിയ ചിത്രങ്ങൾ.