സ്നേഹവും പിന്തുണയും നിറഞ്ഞ 17 വർഷങ്ങൾ- ആരാധകരോട് നന്ദി പറഞ്ഞ് അല്ലു അർജുൻ

തെലുങ്ക് സിനിമ ലോകത്തെ സൂപ്പർ താരമാണ് അല്ലു അർജുൻ. അഭിനയവും സഹായമനസ്കതയുമൊക്കെകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ അല്ലു അർജുൻ സിനിമ ലോകത്ത് എത്തിയിട്ട് 17 വർഷങ്ങൾ പൂർത്തിയായി. 2003ൽ ‘ഗംഗോത്രി’ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറിയത്. സിനിമയിലെ 17 വർഷങ്ങളെ കുറിച്ച് അല്ലു അർജുൻ ട്വിറ്ററിൽ പങ്കുവയ്ക്കുന്നു.

‘കഴിഞ്ഞ 17 വർഷമായി എന്നെ പിന്തുണച്ച പ്രേക്ഷകരോടും എന്റെ ഫാൻസ് ആർമിയോടും നന്ദി പറയുന്നു. എന്നെ സിനിമയിൽ അവതരിപ്പിച്ച എന്റെ ആദ്യ സംവിധായകൻ രാഘവേന്ദ്ര റാവു, അശ്വനി ദത്ത്, അല്ലു അരവിന്ദ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. മാത്രമല്ല ‘ഗംഗോത്രി’യുടെ മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി. എന്നും കടപ്പെട്ടിരിക്കും’ അല്ലു അർജുൻ ട്വിറ്ററിൽ കുറിക്കുന്നു.

ഒരുപാട് താരങ്ങളും ആരാധകരും അല്ലു അർജുന്‌ ആശംസ അറിയിച്ചിട്ടുണ്ട്. നടനും അല്ലു അർജുന്റെ അനിയനുമായ അല്ലു സിരീഷ് സ്നേഹം നിറഞ്ഞ ആശംസയാണ് പങ്കുവെച്ചത്. ഇത് ട്വിറ്ററിൽ അല്ലു പങ്കുവെച്ചിട്ടുമുണ്ട്.

മലയാളികൾക്കിടയിലും ഒട്ടേറെ ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. കേരളത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സൂപ്പർഹിറ്റ് ആണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘അല വൈകുണ്ഠപുരമുലോ’ കേരളത്തിൽ റീറിലീസ് ചെയ്തിരുന്നു.

മാത്രമല്ല, കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് ഒന്നര കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് താരം. കേരളത്തെ ദുരിതത്തിൽ ആഴ്ത്തിയ പ്രളയ കാലത്തും അല്ലു അർജുൻ സഹായം ചെയ്തിരുന്നു.