‘പുഷ്പ, പുഷ്പരാജ്..’- അല്ലു അർജുനെ അനുകരിച്ച് ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ മകൾ

May 17, 2022

ഇന്ത്യൻ സിനിമയോടും സിനിമാതാരങ്ങളോടും ആരാധനയും ഇഷ്ടവും കാത്തുസൂക്ഷിക്കുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ക്രിക്കറ്റ് കഴിവുകൾക്കൊപ്പം ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവെച്ച് ഡേവിഡും കുടുംബവും കയ്യടി നേടിയിട്ടുണ്ട്. അല്ലു അർജുന്റെ ഹിറ്റ് ഗാനമായ ബുട്ട ബൊമ്മയ്ക്ക് ഡേവിഡ് വാർണർ ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, ആ ഇന്ത്യൻ സിനിമയോടുള്ള പ്രണയം അടുത്ത തലമുറയിലേക്കും പകർന്നിരിക്കുകയാണ് താരം.

ഡേവിഡ് വാർണറുടെ മകൾ ഇസ്‌ലയ്ക്ക് അല്ലു അർജുന്റെ പുഷ്പ രാജിനെ അനുകരിക്കുന്നത് ഇപ്പോഴൊരു ശീലമാണ്. സിനിമയിൽ നിന്ന് ‘പുഷ്പ, പുഷ്പരാജ്’ എന്നുള്ള ഹിറ്റ് ഡയലോഗും ആക്ഷനും അനുകരിക്കുന്ന മകളുടെ വിഡിയോ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം പങ്കുവെച്ചു. ‘ഇന്ത്യ വിട്ടതിനുശേഷം, ഈ കുട്ടി ഇത് നിർത്താതെ ചെയ്യുന്നു ‘- ഡേവിഡ് വാർണർ വിഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

ഓസ്ട്രേലിയൻ താരമായ ഡേവിഡ് വാർണർ ഇന്ത്യൻ സിനിമയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം പതിവായി ഡാൻസ് വീഡിയോകളുമായി സജീവമായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോഴെല്ലാം തെലുങ്ക് സിനിമകളെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ സിനിമകളിലേക്ക് എത്തിയതോടെ സിനിമയെ ഇത്രയധികം ആരാധിക്കുന്ന ഡേവിഡ് വാർണർ എന്നാണ് അഭിനയലോകത്തേക്ക് എത്തുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.

Read Also:ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

ഇന്ത്യൻ സിനിമകളിലെ ഗാനങ്ങളും രംഗങ്ങളുമെല്ലാം പുനരവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഡേവിഡ് വാർണർ. മുമ്പ്, രജനീകാന്തിന്റെ ‘2.0’, ‘അണ്ണാമലൈ’, വിജയുടെ ‘തെരി’യിലെ ചെല്ലക്കുട്ടി ഗാനം, ധനുഷിൻറെ മാരി 2 ലെ റൗഡി ബേബി ഗാനം എന്നിവയെല്ലാം ഡേവിഡ് വാർണർ പുനരവതരിപ്പിച്ചിരുന്നു.

Story highlights- David Warner’s daughter Isla imitates allu arjun