‘സഹായത്തിനായി കൈകോര്‍ക്കാം’; ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് ഡേവിഡ് വാര്‍ണര്‍

December 6, 2023

മിഗ്ജൗമ് ചുഴലിക്കാറ്റിലും കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലാണ് ചെന്നൈ നഗരം. പ്രകൃതി ദുരന്തത്തിലമര്‍ന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുപിടിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. വെള്ളത്തില്‍ മുങ്ങിയ ചെന്നൈ നഗരത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വാര്‍ണര്‍ പ്രദേശവാസികളെ പിന്തുണക്കണമെന്ന് ഫോളോവേഴ്‌സിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ( David Warner Posts Heartfelt Post For Chennai Flood Victims )

‘ചെന്നൈയിലെ പല പ്രദേശങ്ങളെയും വലിയ തോതില്‍ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഞാന്‍ ഏറെ ഉത്കണ്ഠാകുലനാണ്. ഈ പ്രകൃതിദുരന്തത്തിന് ഇരയായ എല്ലാവര്‍ക്കുമൊപ്പം ഞാനുമുണ്ട്. എല്ലാവരും സുരക്ഷിതമായി തുടരുക എന്നതാണ് പ്രധാനം. ആവശ്യമെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണം. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെങ്കില്‍ നിങ്ങള്‍ ദുരന്ത നിവാരണ സംഘത്തിനൊപ്പം ചേരാന്‍ ശ്രമിക്കുകയോ, ആവശ്യമുള്ളവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നതോ പരിഗണിക്കുക. നമുക്ക് ഒരുമിച്ച പിന്തുണ നല്‍കാം.-വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും വെള്ളപ്പൊക്കത്തില്‍ ആശങ്ക പങ്കുവച്ച് എക്സില്‍ കുറിപ്പിട്ടിരുന്നു. ഞാന്‍ താമസിക്കുന്ന പ്രദേശത്ത് 30 മണിക്കൂറായി വൈദ്യുതിയില്ല. ചെന്നൈയുടെ വിവിധ പ്രദേശങ്ങളില്‍ ഇങ്ങനെ തന്നെയാണെന്നാണ് അറിയാന്‍ കഴിയുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യമാണ്. കൃത്യ സമയത്ത് ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി. കൂടെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചിരുന്നു.

Read Also : ചെന്നൈയിൽ നാശം വിതച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ്; 10 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി സൂര്യയും കാർത്തിയും

അതേസമയം, ഇന്നലെ ബപട്ലയ്ക്ക് സമീപം ആന്ധ്രപ്രദേശ് തീരം കടന്ന് ചുഴലിക്കാറ്റായി മാറിയ മിഗ്ജൗമ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മിഗ്ജൗമ്് അതി തീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ്. 40 ലക്ഷത്തോളം ആളുകളെയാണ് കൊടുങ്കാറ്റിന്റെ ദുരിതം ബാധിച്ചത്.

Story Highlights : David Warner Posts Heartfelt Post For Chennai Flood Victims