ചെന്നൈയിൽ നാശം വിതച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ്; 10 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി സൂര്യയും കാർത്തിയും

December 5, 2023

ചെന്നൈ നഗരത്തിലും ഇന്ത്യയുടെ തെക്ക്-കിഴക്കൻ തീരപ്രദേശങ്ങളിലും മിഗ്ജൗമ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയാണ്. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ധാരാളം ആളുകളാണ് പങ്കാളികളാകുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയവരിൽ മുന്പന്തിയിലുണ്ട് തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും. നഗരത്തിലുടനീളമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഈ സഹോദരങ്ങൾ 10 ലക്ഷം രൂപ പ്രാരംഭ തുക പ്രഖ്യാപിച്ചു. മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്‌നാടിന്റെ തലസ്ഥാന നഗരം വെള്ളത്തിനടിയിലായതിന് പിന്നാലെയാണ് ഇവർ ധനസഹായം പ്രഖ്യാപിച്ചത്.

മനോബാല വി ആണ് ഇക്കാര്യം പങ്കുവെച്ചത്. ‘പ്രളയബാധിത ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ അഭിനേതാക്കളായ സൂര്യയും കാർത്തിയും പ്രാരംഭ തുക 10 ലക്ഷം പ്രഖ്യാപിച്ചു. അഭിനേതാക്കൾ അവരുടെ ഫാൻസ് ക്ലബ്ബുകൾ വഴി ദുരിതബാധിതർക്ക് സഹായം വാഗ്ദാനം ചെയ്യുന്നു.’- മനോബാല കുറിക്കുന്നു.

ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ ജനജീവിതം നിശ്ചലമായിരിക്കുകയാണ്. ധാരാളം താഴ്ന്ന പ്രദേശങ്ങൾതുടർച്ചയായ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ച് വെള്ളത്തിനടിയിലായി.

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതുകൊണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തമിഴ്‌നാട് സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചു. അതേസമയം, 2015ൽ സംസ്ഥാനത്തിന് ലഭിച്ച മഴയെക്കാൾ കൂടുതലാണ് ഈ ച്ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിൽ ലഭിച്ചതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്ച പറഞ്ഞു.

കൊടുങ്കാറ്റ്, മഴ നാശനഷ്ടങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാരിനോട് 5,000 കോടി രൂപയുടെ ദുരിതാശ്വാസ സഹായം അഭ്യർത്ഥിക്കുമെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ദുരിതാശ്വാസ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

Read also: ചൊവ്വയിൽ റോവർ പ്രവർത്തിപ്പിക്കുന്ന ആദ്യ ഇന്ത്യൻ പൗരയായി അക്ഷത കൃഷ്ണമൂർത്തി- പ്രചോദനം ഈ പെൺകരുത്ത്

ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്ത് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ഇന്ന് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വെള്ളക്കെട്ട് കാരണം ഒന്നിലധികം റോഡുകളും സബ്‌വേകളും അടച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

Story highlights- Actors Suriya and Karthi donate Rs 10 lakh for relief work in Chennai