സൈബർ സുരക്ഷ നിസാരമോ?-ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേഡ്

May 11, 2024

ഈ ഡിജിറ്റൽ യുഗത്തിൽ ഓരോ വ്യക്തിക്കും ഒന്നിലധികം ആപ്ലിക്കേഷനുകളിലേക്കും മറ്റ് സേവനങ്ങളിലേക്കും ദിവസേന ലോഗിൻ ചെയ്യേണ്ടി വരാറുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ആഹാരം ഓർഡർ ചെയ്യുന്നതിനും പണമിടപാടിനുമെല്ലാമായി ഇങ്ങനെ ലോഗിൻ ചെയ്യേണ്ടതുണ്ട്. ബയോമെട്രിക്‌സ് ഇപ്പോൾ സർവ്വ സാധാരണമാണെങ്കിലും ആൽഫ-ന്യൂമറിക് പാസ്വേർഡുകളാണ് അധികവും ആളുകൾ ഉപയോഗിക്കുന്നത്. എല്ലാവരും കാര്യമായി ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ സുരക്ഷ എത്രത്തോളം നിസാരമായാണ് ഇന്ത്യക്കാർ കൈകാര്യം ചെയ്യുന്നതെന്നറിയാമോ? ഇന്ത്യക്കാർക്ക് ജനപ്രിയമായ പാസ്‌വേഡുകളുടെ ലിസ്റ്റ് പാസ് വേഡ് മാനേജര്‍ സേവനമായ നോര്‍ഡ്പാസ്സ് ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു.

അതിശയകരമെന്നു പറയട്ടെ, ഇന്ത്യയിൽ 17 ലക്ഷത്തിലധികം ആളുകൾ ‘PASSWORD’ എന്ന വാക്ക് പാസ്‌വേഡായി ഉപയോഗിക്കുന്നു. വാക്കുകളുടെയും അക്കങ്ങളുടെയും ഇടകലർത്തിയുള്ള പാസ്‌വേഡ് ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുമെന്ന് ആളുകൾക്ക് അറിയാമെങ്കിലും ഇത്തരത്തിൽ ആർക്കും ഊഹിക്കാവുന്ന അല്ലെങ്കിൽ എളുപ്പമുള്ള പാസ്‌വേഡുകൾ പലതും ആളുകൾ പൊതുവായി ഉപയോഗിക്കുന്നുണ്ട്.

അതായത്, ദുർബലമായ പാസ്‌വേഡ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ലോകത്തിലുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന സമാന പാസ്‌വേഡുകളെക്കുറിച്ചും അവരുടെ ഡിജിറ്റൽ ഐഡന്റിറ്റിക്കും ലിങ്ക് ചെയ്‌ത വിവരങ്ങൾക്കും ഇത് എങ്ങനെ വലിയ ഭീഷണിയുണ്ടാക്കുമെന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകുന്ന ഒരു ഗവേഷണ റിപ്പോർട്ട് ആണ് നോർഡ്പാസ്സ് പുറത്തുവിട്ടത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ ഒന്നാം സ്ഥാനം രാജ്യത്ത് 17 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന PASSWORD ആണ്. 12 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേഡാണ് ‘12345’. ഇന്ത്യയിൽ 11 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു പാസ്‌വേഡാണ് ‘123456’. ഇതെല്ലം ഹാക്കർമാർക്ക് വാളരെയെളുപ്പം തകർക്കാനാകുന്ന പാസ്‌വേഡുകളാണ്.

‘123456789’,’12345678′, ‘india123’, ‘qwerty’, ‘abc123’, ‘iloveyou’ എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റ് പൊതു പാസ്‌വേഡുകൾ. മറ്റൊരു കൗതുകകരമായ കാര്യം, ‘123456’ എന്ന പാസ്‌വേഡ് ലോകമെമ്പാടുമുള്ള 10 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്നു. രണ്ട് കോടിയിലധികം ആളുകൾ പാസ്‌വേഡായി ഉപയോഗിക്കുന്ന മമറ്റൊന്നാണ് ‘qwerty’. ഇത് കീബോർഡിലെ അക്ഷരത്തിന്റെ ക്രമമാണ്.

Read also: അതിരുകടന്ന ‘അതിര്’ തർക്കം; പരിഹാരമായി നേർപകുതിയായി മുറിച്ച മരം!

സൈബർ സുരക്ഷയിൽ വൈദഗ്ധ്യമുള്ള സ്വതന്ത്ര ഗവേഷകരുമായി സഹകരിച്ചാണ് ഈ പാസ്‌വേഡുകളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ നിന്ന് ഡാറ്റ സാമ്പിളുകൾ ഇവർ എടുത്തിട്ടുണ്ട്. ഊഹിക്കാൻ പ്രയാസമുള്ള വാക്കുകൾ, അക്കങ്ങൾ, മറ്റ് ചിഹ്നങ്ങൾ എന്നിവയുടെ സവിശേഷമായ സംയോജനമാണ് ഒരു ശക്തമായ പാസ്‌വേഡ്. അതുകൊണ്ടു തന്നെ ഇപ്പോഴും ആളുകൾ ബോധവാന്മാരല്ലാത്ത ഒരു കാര്യമായി മാറിയിരിക്കുകയാണ് സുരക്ഷിതമല്ലാത്ത പാസ്‌വേഡ്.

Story highlights- most commonly used password’s in india