ട്രെയിൻ യാത്ര സുരക്ഷിതമല്ല; യാത്രയൊഴിവാക്കാൻ ആവശ്യപ്പെട്ട് റെയിൽവേ

രാജ്യത്തെ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. വളരെ സംഘർഷഭരിതമായ ദിവസങ്ങളിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. പൊതുനിരത്തുകളിലും മറ്റും ആളുകൾ കുറഞ്ഞുവെങ്കിലും ട്രെയിൻ ഗതാഗതം സുരക്ഷിതമെന്ന് കരുതുന്നവരുണ്ട്. എന്നാൽ റെയിൽവേ തന്നെ യാത്രക്കാരോട് ഇത് സുരക്ഷിതമല്ല എന്ന് പറഞ്ഞിരിക്കുകയാണ്.

കൊറോണ വൈറസ് ബാധിതർ ട്രെയിനിൽ യാത്ര ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് യാത്രകൾ റദ്ദാക്കി വീട്ടിൽ തന്നെ കഴിയാൻ റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 21നും ഏപ്രിൽ 15നും ഇടയിൽ യാത്രകൾ കാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുമെന്ന് റെയിൽവേ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുൻപ് യാത്രയുടെ ദിവസം മുതൽ മൂന്നു ദിവസം വരെ മാത്രമേ റീഫണ്ട് സൗകര്യം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ 45 ദിവസം വരെ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല, ടിക്കറ്റ് കാൻസൽ ചെയ്യാൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തരുതെന്നും ഓൺലൈനായി മാത്രം കാൻസൽ ചെയ്യാനും റെയിൽവേ നിർദേശിക്കുന്നു.