ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുന്നവര്‍ക്ക്, കൂടെയുണ്ട് കേരളാ പൊലീസ്‌

പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ സമൂഹിക അകലം പാലിക്കുക എന്നത് അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നാണ് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച നരേന്ദ്ര മോദി പറഞ്ഞത്. മൂന്ന് ആഴ്ചത്തേയ്ക്കാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ- മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വേനങ്ങള്‍ അല്ലാതെ മറ്റൊന്നും ലഭ്യമല്ല. എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് ഒപ്പം കൂട്ടു ചേരാന്‍ തങ്ങളുണ്ടെന്ന് ഉറപ്പ് നല്‍കുകയാണ് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇക്കാര്യം കേരളാ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ ദിവസവും എല്ലാ മണിക്കൂറും കൂടെ ഉണ്ടാകുമെന്ന ഉറപ്പാണ് കേരളാ പൊലീസ് നല്‍കിയിരിക്കുന്നത്. ‘
24X 7 ഓണ്‍ലൈനില്‍ ഞങ്ങളുണ്ട് കൂടെ. നമുക്ക് സംശയങ്ങള്‍ ദൂരീകരിക്കാം. ആശങ്കകളും, ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെയ്ക്കാം. തമാശ പറയാം. നാളെയുടെ നല്ലതിനായി നമുക്ക് കുറച്ചീസം വീട്ടിലിരിക്കാമെന്നേ…’ കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു.