ട്രാന്‍സ്‌ജെന്‍ഡേര്‍സിന് അവശ്യ ഭക്ഷണസാധനങ്ങള്‍ എത്തിച്ച് മഞ്ജു വാര്യര്‍

March 27, 2020

കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ 50 ട്രാന്‍സ്‌ജെന്‍ഡേര്‍സിന് അവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വായയിലൂടെയാണ് മഞ്ജു ഭക്ഷണ സാധനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്. അടുത്തിടെ ഫെഫ്കയിലെ ദിവസ വേതനക്കാര്‍ക്ക് 5 ലക്ഷം രൂപയും താരം നല്‍കിയിരുന്നു.

മഞ്ജു വാര്യര്‍ നല്‍കിയ സഹായത്തെക്കുറിച്ച് സൂര്യ ഇഷാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംസ്ഥാന സര്‍ക്കാരും അതത് ജില്ലകളില്‍ തങ്ങള്‍ക്ക് സഹായം എത്തിക്കുന്നുണ്ടെന്ന് സൂര്യ പറഞ്ഞു.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്‌ഡെന്‍ഡേര്‍സിന്റെ നിസ്സഹായ അവസ്ഥയെക്കുറിച്ച് മഞ്ജു വാര്യരോട് പറഞ്ഞത്. അവസ്ഥ മനസ്സിലാക്കിയ താരം സഹയമെത്തിക്കുകയായിരുന്നു. ‘എല്ലാദിവസം ഞാന്‍ മഞ്ജു ചേച്ചിക്ക് മെസേജ് അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെ(ട്രാന്‍സ്‌ജെന്‍ഡേര്‍സ്)ക്കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചിയുടെ ചോദ്യം. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് ഞാന്‍ പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ മേടിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കില്‍ 50 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പൈസ തരാമെന്ന് പറയുകയായിരുന്നു ചേച്ചി. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പര്‍ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളില്‍ തന്നെ 35000 രൂപ ചേച്ചി ഞങ്ങള്‍ക്ക് അയച്ചു.’ മ‍ഞ്ജു വാര്യരുടെ സഹായത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ പറയുന്നത് ഇങ്ങനെ.

‘മഞ്ജു ചേച്ചി എപ്പോഴും അത്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല പറയുന്നത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മനുഷ്യപറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാന്‍ പറ്റുന്ന സ്ത്രീ. എന്റെ ഫോണില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി’ എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ട്. രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.