വയോധികയെ മാസ്‌ക് ധരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍; ഹൃദ്യം ഈ ചേര്‍ത്തുനിര്‍ത്തല്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ ആകെ നിറയുന്നത് കേരളാ പൊലീസ് ആണ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവരെ അകത്ത് കയറ്റിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുമൊക്കെ ജനനന്മയ്ക്കായി കഠിനമായി പ്രയത്നിയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥരെല്ലാം. വെയിലും ചൂടും വകവയ്ക്കാതെ കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ അര്‍പ്പണ ബോധത്തോടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനങ്ങള്‍ക്ക് അതീതമാണ്.

വഴക്കുപറഞ്ഞും അടികൊടുത്തുമൊക്കെ പലരേയും വീട്ടിലേയ്ക്ക് മടക്കി അയക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോകള്‍ ഈ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഒപ്പംതന്നെ അശരണരെയും നിരാലംബരേയും ചേര്‍ത്തു നിര്‍ത്തുന്നവരുടെ വീഡിയോയും. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ശ്രദ്ധ നേടി.

ഒരു വയോധികയെ മാസ്‌ക് ധരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു സൈബര്‍ലോകം. മാസ്‌ക് ധരിപ്പിക്കുന്നതിനോടൊപ്പം വയോധികയെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും ഈ പൊലീസ് ഉദ്യോഗസ്ഥന്‍ സഹായിച്ചു. തിരുവനന്തപുരം എസ്പി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍ മോഹന്‍ ആണ് ഈ താരം. കിരണ്‍ മോഹനെ ഡിജിപി ലോക്‌നാഥ് ബഹ്‌റയും ആദരിച്ചു.