‘അടച്ചുപൂട്ടലിനെ ഗൗരവമായി എടുത്ത് ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക’-പ്രധാനമന്ത്രി

കൊവിഡ്-19 ജാഗ്രത കൂടുതൽ കർശനമാക്കുകയാണ് രാജ്യം. എന്നാൽ പലരും നിരുത്തരവാദിത്തപരമായി പെരുമാറുന്നത് ആശങ്കയുണർത്തുന്നുമുണ്ട്. ഇപ്പോൾ പല സംസ്ഥാനങ്ങളും പൂർണമായും അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ അടച്ചുപൂട്ടലിനെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നു പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പലരും അടച്ചപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ലെന്നും ദയവായി സ്വയം സംരക്ഷിക്കണമെന്നും പ്രധാമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘പല ആളുകളും ഇപ്പോഴും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കുക. നിർദേശങ്ങൾ കാര്യഗൗരവത്തോടെ പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, രാജ്യം കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ സജീവമാണ്. അതിനൊപ്പം കൊവിഡ്-19 ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. രാജ്യത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 400 കടന്നു.

ഞായറാഴ്ച മൂന്ന് മരണങ്ങൾകൂടി നടന്നതോടെ മരണ സംഖ്യ ഏഴായി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ആളുകൾ രോഗബാധിതരായത്. 89 പേരാണ് ഉള്ളത്. തൊട്ട് പിന്നാലെ കേരളമുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട 15 കേസുകൾ ഉൾപ്പെടെ 67 പേരാണുള്ളത്.