‘ഒടുവില്‍ അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു സിനിമയും കഥാപാത്രവും ഇഷ്ടപ്പെട്ടു എന്ന്’: കല്യാണി പ്രിയദര്‍ശന്‍

മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയിലെ അഭിനയത്തിന് താരത്തെ പ്രശംസിച്ചിരിക്കുയാണ് അച്ഛന്‍ പ്രിയദര്‍ശന്‍. സമൂഹമാധ്യമങ്ങളിലാണ്, താരം കാത്തിരുന്ന ആ പ്രശംസയെക്കുറിച്ച് എഴുതിയത്.

‘ഒടുവില്‍ അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ചു. സിനിമയും സിനിമയിലെ എന്റെ കഥാപാത്രത്തെയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു’ . പ്രിയദര്‍ശന്റെ പ്രശംസയെക്കുറിച്ച് കല്യാണി ഇന്‍സ്ര്‌റഗ്രാമില്‍ കുറിച്ചതാണ് ഇങ്ങനെ.

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് ചിത്രത്തില്‍ കല്യാണി എത്തുന്നത്. താരം നായികയായി എത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നതാണ്.