കാണുന്നത് ഗ്ലാസിലൂടെ, സംസാരിക്കുന്നത് ഫോണിലൂടെ; മകന്റെ ഐസൊലേഷനെക്കുറിച്ച് സുഹാസിനി

കൊറോണ വൈറസ് വ്യാപനത്തിനെതിരെ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാരും അധികൃതരും കൈക്കൊള്ളുന്നത്. രോഗവ്യാപനം തടയുന്നതിനായി മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരോട് രോഗലക്ഷണങ്ങൾ ഇല്ലങ്കിലും സ്വയം ഐസൊലേഷനിൽ കഴിയാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇപ്പോഴിതാ മകന്റെ ഐസൊലേഷനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നടി സുഹാസിനി.

സുഹാസിനിയുടെയും മണിരത്നത്തിന്റെയും മകൻ നന്ദൻ മാർച്ച് 18 നാണ് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയത്. മകന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വയം ഐസൊലേഷനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

മകൻ ഐസൊലേഷനിൽ പോയിട്ട് അഞ്ച് ദിവസങ്ങൾ ആയി. ഗ്ലാസിലൂടെയാണ് അവനെ കാണുന്നത്. ഫോണിലൂടെ മാത്രമാണ് സംസാരിക്കുന്നത്. മകനുള്ള ഭക്ഷണങ്ങളും വസ്ത്രങ്ങളും അകലെ വച്ചാണ് നൽകുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ ഡെറ്റോളും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകും. ആരോഗ്യത്തോടെ ഇരിക്കാൻ ഇത് അനിവാര്യമാണെന്നും സുഹാസിനി മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.