‘ആശങ്ക വേണ്ട, പൃഥ്വിരാജ് സുരക്ഷിതനാണ്’- ആരാധകർക്ക് മറുപടിയുമായി സുപ്രിയ

രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും നടക്കുന്നതും. എന്നാൽ രാജ്യത്തിന് പുറത്ത് കുടുങ്ങിപോയവരുടെ കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക നിലനിൽക്കുന്നുണ്ട്. സിനിമ മേഖലയിൽ നിന്നും ‘ആടുജീവിതം’ ടീം മുഴുവൻ ഷൂട്ടിങ്ങിനായി ജോർദാനിൽ ആണ്.

കഴിഞ്ഞ ദിവസം എല്ലാവരും സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഷൂട്ടിംഗ് തുടരുകയാണെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജ് സുരക്ഷിത സ്ഥാനത്ത് തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ.

ഒട്ടേറെ ആളുകളാണ് പൃഥ്വിരാജ് സുരക്ഷിതനാണോ എന്ന ആശങ്ക സുപ്രിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ഒരു കമന്റിലൂടെയാണ് സുപ്രിയ മറുപടി നൽകിയത്.’ പൃഥ്വിരാജിന്റെ സുരക്ഷയെ കുറിച്ച് എന്നോട് നിരന്തരം ആരാഞ്ഞവരോടാണ്, ജോർദാനിൽ അദ്ദേഹം സുരക്ഷിതനായി ഇരിക്കുന്നു’.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അണിയറപ്രവർത്തകരെല്ലാം ജോർദാനിൽ എത്തിയതായിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം ഭീതി സൃഷ്ടിച്ചതോടെ നാട്ടിലേക്ക് പോരുവാൻ ഇവർക്കു സാധിക്കാതെ വന്നു. ഒരു മരുഭൂമിയിൽ ആയതുകൊണ്ട് ഷൂട്ടിംഗ് തുടരാൻ തന്നെ തീരുമാനിക്കുകയായിരുന്നു.