കൊവിഡ്-19 രോഗികൾക്കായി കോച്ചുകൾ ഐസൊലേഷൻ വാർഡുകളായി സജ്ജീകരിച്ച് ഇന്ത്യൻ റെയിൽവേ

കൊവിഡ്‌-19 രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഐസൊലേഷൻ വാർഡുകൾ വളരെ വേഗത്തിൽ ഒരുങ്ങുകയാണ്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ആശുപത്രികൾ എന്നിവ കേടുപാടുകൾ തീർത്ത് ഐസൊലേഷനായുള്ള വാർഡുകൾ സൃഷ്ടിക്കുമ്പോൾ ഇന്ത്യൻ റെയിൽവേ ട്രെയിൻ ബോഗികൾ ഐസൊലേഷനായി ഒരുക്കുന്ന തിരക്കിലാണ്.

വളരെ വേഗത്തിൽ തന്നെ കോച്ചുകൾ വാർഡുകളാക്കി മാറ്റികൊണ്ടിരിക്കുകയാണ്.  രോഗിയുടെ ക്യാബിൻ ഒരുക്കുന്നതിന്റെ ഭാഗമായി നടുവിൽ ഉള്ള ബർത്തും, കോണികളും നീക്കം ചെയ്തു. ശൗചാലയങ്ങളും ഇടനാഴികളും വളരെ വൃത്തിയോടെ ഒരുക്കിയിരിക്കുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 19 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കുറിനിടെ 4 മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര
ആരോഗ്യമന്ത്രാലയം അറിയിച്ചു. സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനങ്ങൾ. കേരളത്തിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തു.