ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി, സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണവും വ്യക്തമാക്കി ശോഭനയുടെ ഫേസ്ബുക്ക് ലൈവ്‌

ഒരുകാലത്ത് മലയാളസിനിമയില്‍ നിറസാന്നിധ്യമായിരുന്നു ശോഭന. വെള്ളിത്തിരയില്‍ താരം അനശ്വരമാക്കിയ കഥാപാത്രങ്ങളും നിരവധി. എന്നാല്‍ കുറച്ചേറെ നാളുകളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഫേസ്ബുക്ക് ലൈവിലൂടെ സിനിമയില്‍ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് കഴിഞ്ഞ് ദിവസം ശോഭന സംസാരിച്ചു.

സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിച്ച താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. ‘സിനിമ ഏറെ ഇഷ്മാണ്. സിനിമ ഒരുപാട് പോസിറ്റിവിറ്റി നല്‍കുന്നു. ഒരുപാട് ആരാധകരും അവരുടെ സ്‌നേഹവും എല്ലാം ചേരുമ്പോള്‍ പ്രത്യേക കംഫര്‍ട്ട്‌നെസ്സ് സിനിമ നല്‍കും. ജീവിതത്തില്‍ അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ലെന്നു തോന്നിയതുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനിന്നത്’. ശോഭന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

മറക്കാനാകാത്തെ സിനിമകളെക്കുറിച്ചും താരം സംസാരിച്ചു. ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ശോഭന പറഞ്ഞു. മാനസികമായി ഏറെ വെല്ലുവിളി നല്‍കിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഏറ്റവും അധികം ആസ്വദിച്ച് ചെയ്ത സിനിമ തേന്മാവിന്‍ കൊമ്പത്ത് ആണെന്നും ശോഭന പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിക്കുന്നതും.