സംഗീത മാന്ത്രികൻ ആർ കെ ശേഖറിന് ആദരവൊരുക്കി മനോഹരമായൊരു കവർ ഗാനവുമായി സോണിയ ആമോദ്- വീഡിയോ

പഴശിരാജയിലെ ‘ചൊട്ടമുതല്‍ ചുടലവരെ’ എന്ന ഗാനം മാത്രം മതി മലയാളിക്ക് ആർ കെ ശേഖറിനെ ഓർമിക്കുവാൻ. 23 സിനിമകൾക്ക് മാത്രമേ സംഗീതം നൽകിയിട്ടുള്ളൂ എങ്കിലും അതിലേറെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയും മറ്റും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അച്ഛന്റെ പാതയിൽ നടന്ന് ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയുടെ സംഗീതലോകത്തെ എത്തിച്ച മഹാപ്രതിഭയാണ് എ ആർ റഹ്‌മാൻ.

സുന്ദര ഗാനങ്ങൾ സമ്മാനിച്ചിട്ടും, പല പഴയ ഗാനങ്ങളും റീമിക്സ്, കവർ വേർഷനുകൾ വന്നിട്ടും ആർ കെ ശേഖറിന്റെ പാട്ടുകളിൽ ആരും ഒരു പരീക്ഷണം ഇതുവരെ നടത്തിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ‘പട്ടാഭിഷേകം’ എന്ന ചിത്രത്തിലെ ‘പല്ലവി മാത്രം പറഞ്ഞു തന്നു’ എന്ന ഗാനത്തിന് ഒരു കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് ഗായിക സോണിയ ആമോദ്. നാല് റിയാലിറ്റി ഷോകളിലെ ജേതാവായ കഴിവുറ്റ കലാകാരിയാണ് സോണിയ.

ആർ കെ ശേഖറിന് ഒരു ആദരവെന്ന നിലയിലാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് പി സുശീലയാണ്. പഴയ ഗാനത്തിന്റെ ഭംഗി ചോരാതെ, വികലമാക്കാതെ ഒരുക്കിയ കവർ വേർഷന് മികച്ച അഭിപ്രായമാണ് സംഗീത ലോകത്ത് നിന്നും ലഭിക്കുന്നത്. ആർ കെ ശേഖറിന്റെ മകളും എ ആർ റഹ്മാന്റെ സഹോദരിയുമായ എ.ആർ. റെയ്‌ഹാനയും സംഗീതജ്ഞനും ഗായകനുമായ സി സത്യയുമൊക്കെ അഭിനന്ദനം അറിയിച്ചിരുന്നു.