അനുഭൂതി പകരുന്ന ആലാപനം; ഏ.ആർ. റഹ്‌മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി ഗായകർ

August 31, 2022

ഇന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്‌ട ഗാനങ്ങളിൽ ഏറ്റവും മുകളിലാണ് ‘കുൻ ഫായ കുൻ’ എന്ന ഗാനത്തിന്റെ സ്ഥാനം. രൺബീർ കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘റോക്ക്സ്റ്റാർ’ എന്ന ചിത്രത്തിലെ ഗാനമാണിത്. സംഗീത സാമ്രാട്ട് ഏ.ആർ.റഹ്‌മാനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

സൂഫിസത്തിന്റെയും ആത്മീയതയുടെയും വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന ഗാനം സംഗീത പ്രേമികൾ നെഞ്ചോട് ചേർത്ത ഗാനമാണ്. പുറത്തിറങ്ങിയിട്ട് 11 വർഷത്തോളമായെങ്കിലും ഇന്നും പുതുമയോടെ പ്രേക്ഷകർ കേൾക്കുന്ന ഗാനമാണിത്. നിരവധി ആളുകളുടെ പ്ളേലിസ്റ്റിൽ സ്ഥിര സാന്നിധ്യമായ ഗാനത്തിന്റെ സിനിമയിലെ ദൃശ്യങ്ങളും പ്രേക്ഷകർക്ക് ഏറെ ഹൃദ്യമാണ്.

ഇപ്പോൾ ഈ ഗാനത്തിന് അതിമനോഹരമായ കവർ സോങ് ഒരുക്കി ശ്രദ്ധേയരായി മാറിയിരിക്കുകയാണ് ഒരു കൂട്ടം യുവ സംഗീതജ്ഞർ. ഇവരുടെ കവർ സോങിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്മൺ സന്തോഷ് എന്ന ഗായകനാണ് ഗാനം ആലപിക്കുന്നത്. അനുഭൂതി പകരുന്ന ആലാപനത്തിലൂടെ ഗായകൻ കേൾവിക്കാരുടെ മനസ്സ് നിറയ്ക്കുമ്പോൾ അതിമനോഹരമായി സംഗീതം ഒരുക്കിയാണ് മറ്റ് സംഗീതജ്ഞർ ആലാപനത്തിന് മാറ്റ് കൂട്ടുന്നത്.

ഷെബിൻ ജോൺ തബല വായിക്കുമ്പോൾ ഭരത് എച്ച്.എസ് ഗിത്താർ കൈകാര്യം ചെയ്‌തിരിക്കുന്നു. ഗാനത്തിന്റെ പ്രോഗ്രാമിങ് ജോർജ് തോമസ് നിർവഹിക്കുമ്പോൾ കൃഷ്‌ണ ജഗദീഷാണ് ബേസ് കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

Read More: കണ്ടാൽ ചിരിക്കുവാണെന്നേ തോന്നു, പക്ഷേ നല്ല ഉറക്കമാണ്- നവ്യയുടെ രസകരമായ വിഡിയോ പങ്കുവെച്ച് സഹോദരൻ

ആര്യൻ അനിലാണ് കവർ സോങ് വിഡിയോയുടെ സംവിധാനം നിർവഹിച്ചത്. ഭരത് ബാബു വിഡിയോയുടെ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്‌തിരിക്കുന്നു.

Story Highlights: Kun faya kun cover song