‘ഈ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കണം’- വിവിധ സ്ഥാപനങ്ങളിലേക്ക് സംഭാവന നൽകി കരീനയും സെയ്ഫ് അലി ഖാനും

ആഗോള മഹാമാരിയായ കൊറോണയെ തുരത്താനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ. എല്ലാവരും വീടുകളിൽ കഴിയുകയാണ്. അതോടൊപ്പം തന്നെ ഒട്ടേറെ സഹായങ്ങളും കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നുണ്ട്. സിനിമ താരങ്ങൾ കഴിയും വിധം സംഭാവനകൾ നൽകി. ഇപ്പോൾ കരീന കപൂറും സെയ്ഫ് അലി ഖാനും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.

യൂണിസെഫ്, ഗിവ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് കരീനയും സെയ്ഫ് അലി ഖാനും ചേർന്ന് പണം നൽകിയത്. ‘ഇത്തരം വിഷമഘട്ടങ്ങളിൽ നമ്മള്‍ ഒന്നായി പരസ്പരം സഹായിക്കേണ്ടതുണ്ട്. ഞങ്ങള്‍ രണ്ടുപേരും അതിനായി യുണിസെഫ്, ഗിവ് ഇന്ത്യ, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ വാല്യൂസ് എന്നിവയ്ക്ക് ഞങ്ങളുടെ സഹായം വാഗ്ദാനം ചെയ്തു. കഴിയുന്നവര്‍ ഇതുപോലെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,ജയ് ഹിന്ദ്. കരീന, സെയ്ഫ് & തൈമുര്‍’- കരീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നു.

അല്ലു അർജുൻ, അക്ഷയ് കുമാർ, തുടങ്ങി ഒട്ടേറെ സൂപ്പർതാരങ്ങൾ സംഭാവനകൾ പലവിധത്തിൽ നൽകിയിരുന്നു. സന്നദ്ധ പ്രവർത്തനങ്ങളിൽ പല താരങ്ങളും സജീവവുമാണ്.