ശാലിനിയുടെ കൈത്തണ്ടയിലെ മുറിവിൽ മൊട്ടിട്ട അജിത്തിന്റെ പ്രണയം..

തമിഴകത്തും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി തമിഴിലേക്ക് ചേക്കേറുകയും അജിത്തുമായി പ്രണയത്തിലാകുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് 20 വർഷമായി സിനിമയിൽ നിന്നും നടി അകന്നു നില്കുകയുമാണ്.

വളരെ രസകരമായിരുന്നു ശാലിനിയുടെയും അജിത്തിന്റെയും പ്രണയം. അമർക്കളം എന്ന ചിത്രത്തിലേക്ക് സംവിധായകൻ ശാലിനിയെ ക്ഷണിക്കുമ്പോൾ അവർ പ്ലസ് ടു പരീക്ഷയുടെ തിരക്കിലായിരുന്നു. പരീക്ഷ കഴിയാതെ സിനിമയിലേക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്ന ശാലിനിയെ ശരൺ അജിത്തിനെക്കൊണ്ട് വിളിപ്പിച്ചു. കാരണം അജിത്തും ശാലിനിയും ഈ സിനിമയ്ക്ക് നല്ല ജോഡി ആയിരിക്കുമെന്ന് ശരണിന് ഉറപ്പായിരുന്നു.

ശാലിനിയോട് സംസാരിച്ച അജിത്തിനോടും പരീക്ഷയുടെ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ ശരണിനോട് പോലും ആലോചിക്കാതെ അജിത്ത് ശാലിനിയോട് പറഞ്ഞു, ‘പരീക്ഷ എഴുതി തീരും വരെ ഞങ്ങൾ ഷൂട്ടിങ് നീട്ടി വയ്ക്കാം’.

പരീക്ഷയ്ക്ക് ശേഷം ഷൂട്ടിങ്ങിനെത്തിയ ശാലിനിയുടെ കയ്യിൽ ഒരു ആക്ഷൻ രംഗത്തിനിടെ അജിത്തിന്റെ കയ്യിലിരുന്ന കത്തി കൊണ്ട് ആഴത്തിൽ മുറിവ് സംഭവിച്ചു. ആ മുറിവ് താൻ കരണമാണല്ലോ എന്ന കുറ്റബോധം പിന്നീട് പ്രണയമായി മാറുകയായിരുന്നു എന്ന് അജിത്ത് പിന്നീട് പറഞ്ഞിട്ടുണ്ട്.

ഷൂട്ടിങ്ങിന് ശേഷം ശാലിനിയോട് ഇഷ്ടം തുറന്നു പറയാൻ അജിത്ത് വല്ലാതെ ഭയപ്പെട്ടിരുന്നു.എന്നാൽ അതിനോടകം അജിത്തിനോട് ശാലിനിക്കും പ്രണയം മൊട്ടിട്ടിരുന്നു. 2000 ലാണ് ഇവർ വിവാഹതരായത്. ഇപ്പോൾ രണ്ടു മക്കളാണ് അജിത്ത്- ശാലിനി ദമ്പതിക്കുള്ളത്.