‘എത്ര സന്തോഷകരമായിരുന്നു എന്റെ ആദ്യ ചിത്രം’- ഓർമകളുടെ നിറമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് നദിയ മൊയ്‌തു

മലയാളികളുടെ പ്രിയ നടിയാണ് നദിയ മൊയ്തു. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ഫാസിൽ ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് ചുവടുവെച്ച എൺപതുകളിലെ മോഡേൺ പെൺകുട്ടിയെ ഇന്നും മലയാളികൾ മറന്നിട്ടില്ല.

വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച നദിയ, വിവാഹ ശേഷം സിനിമ തിരക്കുകളിൽ നിന്നും അകന്നു നിന്നിരുന്നു. വീണ്ടും സിനിമയിൽ സജീവമായെങ്കിലും സമൂഹ മാധ്യമങ്ങളിൽ നടി സാന്നിധ്യം അറിയിച്ചിരുന്നില്ല.

ലോക്ക് ഡൗൺ സമയത്ത് ഇൻസ്റ്റാഗ്രാമിൽ സജീവമാകുകയാണ് നദിയ മൊയ്തു. തന്റെ ആദ്യ ചിത്രത്തിലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

‘എത്ര സന്തോഷകരമായിരുന്നു എന്റെ ആദ്യ ചിത്രം..അതിനു ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അനുഗ്രഹീത സംവിധായകൻ ഫാസിലിനോട് ആണ്. ഈ വർഷങ്ങളിൽ ഉടനീളം നിങ്ങളെനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും അകരം ഒരുപാട് സ്നേഹം മാത്രം..’നടി കുറിക്കുന്നു.

വിവാഹ ശേഷം സിനിമ രംഗത്ത് സജീവമായത് തമിഴ് സിനിമയിലൂടെ ആയിരുന്നു. മലയാളത്തിൽ ‘നീരാളി’ എന്ന മോഹൻലാൽ ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തെലുങ്ക് സിനിമ ലോകത്തും സജീവമാണ് നടി.