വീഡിയോ കോളില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ മക്കളേ…’, പിന്നെ റോഡരികില്‍ കേക്ക് മുറിച്ചു: ഈ പൊലീസ് അച്ഛന്‍ ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കയ്യ്-മെയ്യ് മറന്ന് പ്രയത്‌നിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെ വീട്ടില്‍ കയറ്റിയും വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കിയും ഒറ്റയ്ക്കായവരെ ചേര്‍ത്തു നിര്‍ത്തിയുമെല്ലാം ലോക്ക് ഡൗണ്‍ കാലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ നേടുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളുടെ പിറന്നാള്‍ ആഘോഷമാണ്. ഇരട്ടകളായ തന്റെ മക്കള്‍ക്ക് വീഡിയോ കോളിലൂടെയാണ് ഈ അച്ഛന്‍ പൊലീസ് ആശംസകള്‍ നേര്‍ന്നത്.

തൃശ്ശൂര്‍ പേരാമംഗലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉന്‍മേഷിന്റെ മക്കളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡ്യൂട്ടിയിലായിരിക്കുന്ന ഉദ്യോഗസ്ഥന്‍ വീട്ടില്‍ പോയിരുന്നില്ല. ഇത് മനസ്സിലാക്കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ മേനോന്‍ ഡ്യൂട്ടിയിലായിരുന്ന ഉന്‍മേഷിന്റെ അടുത്തെത്തി കേക്ക് മുറിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും ഈ സമയം വീഡിയോ കോള്‍ ചെയ്യുകയും ചെയ്തു.