‘എന്നെ പേരെടുത്ത് വിളിക്കാനാകില്ലെന്ന് അദ്ദേഹം പറയുമായിരുന്നു’- ഋഷി കപൂറിന്റെ ഓർമകളിൽ പൃഥ്വിരാജ്

ബോളിവുഡ് സിനിമക്ക് നഷ്ടങ്ങളുടെ വർഷമാണ്. അടുത്തടുത്ത ദിനങ്ങളിൽ രണ്ട് ഇതിഹാസ താരങ്ങളാണ് വിട പറഞ്ഞത്. ഇർഫാൻ ഖാന്റെ മരണ വാർത്തയിൽ നിന്നും ഞെട്ടൽ മാറും മുൻപ് ഋഷി കപൂറും യാത്രയായി. മലയാള സിനിമ താരങ്ങളിൽ ഋഷി കപൂറിനൊപ്പം അഭിനയിക്കാൻ സാധിച്ച താരമാണ് പൃഥ്വിരാജ്.

‘ഔറംഗസേബ്’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഋഷി കപൂറിനൊപ്പം അഭിനയിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്.

‘ഇത് സിനിമയുടെ സങ്കടകരമായ ആഴ്ചയാണ്. ‘ഔറംഗസേബി’ല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു.ഒപ്പം പങ്കിടാന്‍ ലഭിച്ച സമയത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാൻ സാധിക്കില്ലെന്ന് പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും ഇതുതന്നെ ആയിരുന്നല്ലോ. വിടനല്‍കുന്നു ഇതിഹാസമേ. ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യും’ പൃഥ്വിരാജ് കുറിക്കുന്നു.

‘ഔറംഗസേബി’ല്‍ പൃഥ്വിരാജ് അഭിനയിക്കുന്ന സമയം ഋഷി കപൂറിനേയും കുടുംബത്തെയും പരിചയപ്പെടാൻ സാധിച്ചുവെന്ന് സുപ്രിയ മേനോനും ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.