‘ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഈ ദിനത്തിൽ ആദ്യമായാണ് അകന്നിരിക്കുന്നത്; പക്ഷെ, എന്ത് ചെയ്യാനാകും?’- ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും

ഒൻപതാം വിവാഹവാർഷിക നിറവിലാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ. ലോക്ക് ഡൗൺ കാരണം രണ്ടിടത്തായി പോയ സങ്കടത്തിലാണ് ഇരുവരും. ‘ആടുജീവിതം’ ഷൂട്ടിങ്ങിനായി ജോർദാനിലാണ് പൃഥ്വിരാജ് ഇപ്പോൾ. സുപ്രിയ മകൾ അലംകൃതയ്ക്ക് ഒപ്പം കൊച്ചിയിലുമാണ്.

ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഒൻപതുവർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് അകന്നിരിക്കുന്നത് എന്ന് സുപ്രിയ കുറിക്കുന്നു. പൃഥ്വിരാജ് ഇരുവരുടെയും ചിത്രം പങ്കുവെച്ച് വിവാഹവാർഷിക ആശംസ സുപ്രിയക്ക് അറിയിച്ചിട്ടുണ്ട്.

2011ലാണ് സുപ്രിയ മേനോനെ പൃഥ്വിരാജ് വിവാഹം ചെയ്യുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ, ഒരഭിമുഖത്തിനായി പൃഥ്വിരാജിനെ വിളിക്കുകയും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. അഞ്ചു വയസുകാരിയായ അലംകൃതയാണ് ഇവരുടെ മകൾ.

ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ മേൽനോട്ടമാണ് സുപ്രിയ ചെയ്യുന്നത്.