‘സീതാകല്യാണ വൈഭോഗമേ…’ ഹൃദയംതൊടുന്ന ആലാപനമാധുരിയില്‍ ഉത്തര ഉണ്ണികൃഷ്ണന്‍: വീഡിയോ

എത്ര വേഗമാണ് ചില പാട്ടുകള്‍ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. നിത്യഹരിത ഗാനങ്ങള്‍ എന്ന് പേരിട്ട് നാം ഒരുപാട് ഗാനങ്ങളെ നെഞ്ചേട് ചേര്‍ത്ത് വയ്ക്കാറുണ്ട്. കാലത്തിന്റെ ഒഴുക്കുകളെ പോലും അതിജീവിച്ച് ഭംഗി തെല്ലും ചോരാതെ തെളിഞ്ഞു നില്‍ക്കുന്ന സുന്ദര ഗാനങ്ങള്‍. ത്യാഗരാജ രചിച്ച ഏറ്റവും സുന്ദരമായ കീര്‍ത്തനമാണ് സീതാകല്യാണ വൈഭോഗമേ…

കാലങ്ങള്‍ക്ക് മുന്‍പേ പിറന്ന ഈ സുന്ദര സംഗീതം ആസ്വാദകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. ശ്രുതിമധുരമായ ഈ കീര്‍ത്തനത്തിന് പുതുജീവന്‍ പകര്‍ന്നിരിക്കുകയാണ് ഗായിക ഉത്തര ഉണ്ണികൃഷ്ണന്‍. എസ് ജയകുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ജയരാജ് സംവിധാനം നിര്‍വഹിച്ച പൈതൃകം എന്ന ചിത്രത്തിനു വേണ്ടി കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്ന് ഈ ഗാനം മുന്‍പ് ആലപിച്ചിട്ടുണ്ട്. 1993-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം നരേന്ദ്ര പ്രസാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

അതേസമയം ഉത്തര ഉണ്ണികൃഷ്ണന്റെ ആലപനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയമായ ഉത്തര തമിഴ് ഗാനരംഗത്താണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചലച്ചിത്ര പിന്നണി ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകളാണ് ഉത്തര. 2014-ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.