നടന ഭാവങ്ങളില്‍ ശോഭന; ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുജോലികള്‍ക്കൊപ്പവും നൃത്തം പരിശീലിക്കാം

April 20, 2020

ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുറവല്ല. അഭിനയ ശൈലികൊണ്ടും മനോഹരനൃത്തച്ചുവടുകള്‍ക്കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ ശേഭനയും ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ്. വീട്ടിലെ ജോലികള്‍ നൃത്തിത്തിലൂടെ ചെയ്യുക എന്നതാണ് ആശയം. താരത്തിന്റെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ത്ഥികളുമുണ്ട് ഈ ആശയത്തിനൊപ്പം. വ്യത്യസ്തമാര്‍ന്ന നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ചെടികള്‍ പരിപാലിക്കുന്നതും കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നതും അടുക്കള ജോലിയുമെല്ലാം നൃത്തത്തിന്റെ അകമ്പടിയോടെ ചെയ്യുന്നതാണ് വീഡിയോയില്‍. സാമൂഹിക അകലം പാലിച്ചുകൊണ്ട് പലയിടങ്ങളില്‍ നിന്നുമാണ് ശോഭനയും വിദ്യാര്‍ത്ഥികളും നൃത്തം ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്തെ കൂടുതല്‍ ക്രിയാത്മകമാക്കുക എന്നതാണ് ഈ വീഡിയോയിലൂടെ ഇവര്‍ പകരുന്ന സന്ദേശം.

നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: മരുഭൂമിയില്‍ അണയാത്ത തീയുമായി ഒരു ഗര്‍ത്തം; കേട്ടിട്ടുണ്ടോ ‘മരണത്തിലേയ്ക്കുള്ള വാതില്‍’ എന്ന്

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിക്കുന്നതും.