മോഹൻലാൽ – ശോഭന ചിത്രത്തിനു തൊടുപുഴയിൽ തുടക്കം; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

April 22, 2024

മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നു എന്നതും വലിയ രീതിയില്‍ ചിത്രത്തിന് സ്വീകാര്യത നല്‍കി. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ( Mohanlal and Shobana reunited for L360 )

മോഹന്‍ലാലിന്റെ 360-ാം സിനിമയാണിത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുള്ളത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്. ഇനിയും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത് ശോഭനയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍-ശോഭന കൂ്ട്ടുകെട്ടില്‍ മലയാളത്തിലൊരു സിനിമയിറങ്ങുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന 26-ാം ചിത്രമാണ് ഇത്. 1985 ല്‍ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍-ശോഭന ജോഡി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2009 ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കിയാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. അതിന് മുന്‍പ് 2004 ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇരുവരും നായിക നായകന്‍മാരായി എത്തിയത്.

Read Also : മലയാളത്തിന്റെ ഹിറ്റ് ജോഡി; വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

Story highlights : Mohanlal and Shobana reunited for L360