തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും- ആനയും കുടമാറ്റവുമില്ലാതെ പങ്കെടുക്കുന്നത് 5 പേർ വീതം മാത്രം

April 26, 2020

തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആളൊഴിഞ്ഞ് പൂരം അരങ്ങേറുകയാണ്. പൂരം കൊടിയേറുകയാണ് ഇന്ന്. പക്ഷെ, പങ്കെടുക്കുക രണ്ടു വിഭാഗത്തിൽ നിന്നും അഞ്ചുപേർ വീതം മാത്രം. പൂരം പൂർണമായും ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ തീരുമാനം.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്സവങ്ങൾ എല്ലാം ഒഴിവാക്കാനാണ് സർക്കാർ നിർദേശം. എഴുന്നള്ളത്തിന് ആനയോ, വർണാഭമായ കുടമാറ്റമോ ഒന്നുമില്ലാതെയാണ് പൂരം നടക്കുന്നത്.

 എല്ലാ സുരക്ഷാമുൻകരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ പോലീസ് നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.