ഹിസ്ബുൾ രാജേന്ദ്രനും പബ്‌ജി വിൽസണും പിന്നെ ആമസോൺ കാട്ടിലെ അഹാനയും; ഇതാണ് ‘ഗുലുമാൽ എഫക്ട്’- രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് അനൂപ് പന്തളം

പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ് അനൂപ് പന്തളം. സിനിമാതാരങ്ങളാണ് പ്രധാനമായും അനൂപിൻറെ പ്രാങ്കുകൾക്ക് ഇരയാകാറുള്ളത്. ലോക്ക് ഡൗൺ സമയത്ത് ഫോൺ കോളുകളിലൂടെയാണ് അനൂപ് താരങ്ങളെ പറ്റിക്കുന്നത്. അടുത്തിടെ നടി അഹാന കൃഷ്ണയും, നടൻ സിജു വിൽസണും പറ്റിക്കപ്പെട്ടിരുന്നു.

ആമസോൺ കാടുകളിൽ മായാവി കഥ ചിത്രീകരിക്കാൻ വിളിക്കുന്നുവെന്ന വ്യാജേനയാണ് അഹാനയെ വിളിച്ചത്. സിജു വിൽസണെയാകട്ടെ, പാകിസ്ഥാൻ ചാര സംഘടനയായ ഹിസ്ബുൾ രാജേന്ദ്രന്റെ അംഗമാണോ എന്ന് ചോദിച്ചാണ് പറ്റിച്ചത്. എന്തായാലും സിജു വിൽ‌സന്റെ പബ്ജി കളിയും, ഹിസ്ബുൾ രാജേന്ദ്രനുമൊക്കെ നന്നായി തന്നെ വൈറലായി. മാത്രമല്ല, സിജു വിൽസണുമായി വളരെ നല്ലൊരു സൗഹൃദം സൃഷ്ടിക്കാനും ഈ രസകരമായ പ്രാങ്ക് വീഡിയോ അനൂപിനെ സഹായിച്ചു.

ഇപ്പോൾ ഒരാരാധകൻ സിജു വിൽസണെയും അനൂപ് പന്തളത്തിനെയും കഥാപാത്രങ്ങളാക്കി രസകരമായ ഒരു കാരിക്കേച്ചർ സമ്മാനിച്ചിരിക്കുകയാണ്. ഗുലുമാൽ എഫക്ട് എന്ന തലക്കെട്ടോടെയാണ് അനൂപ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഷമിൽ കണ്ടച്ചേരി എന്നയാളാണ് ഈ കാരിക്കേച്ചറിന് പിന്നിൽ. നേരത്തെ അഹാനയുടെ പ്രാങ്ക് വീഡിയോ വൈറലായപ്പോൾ മായാവിക്കഥയിലെ രാജുവായി ടൊവിനോയും രാധയായി അഹാനയും കാട്ടിലൂടെ ഓടുന്ന തരത്തിൽ ഇദ്ദേഹം തന്നെ കാരിക്കേച്ചർ ഒരുക്കിയിരുന്നു. വ്യക്തിപരമായി അനൂപിനെ പരിചയമില്ലാതിരുന്നിട്ടും കൃത്യമായി ഗുലുമാൽ എപ്പിസോഡുകൾ കാണുകയും ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളെ ആവിഷ്കരിക്കുകയും ചെയ്തതാണ് ഷമിൽ. കാരണം, പ്രേക്ഷകർക്കിടയിൽ അത്രയധികം സ്വീകാര്യത അനൂപ് പന്തളത്തിനും അദ്ദേഹത്തിന്റെ പ്രാങ്കുകൾക്കും ഉണ്ട്.

Read More:‘എനിക്ക് ഒന്നും അറിയാന്‍പാടില്ല സാറേ…’ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സിജു വിത്സനെ പറ്റിക്കാന്‍ കൂട്ടുകാരുടെ രസികന്‍ ‘ഗുലുമാല്‍ പണി’: ചിരി വീഡിയോ

എന്തായാലും വളരെ രസകരമായ ഗുലുമാൽ വീഡിയോകൾ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരുന്നാണ് കാണുന്നത്. ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോകൾ കാണാൻ സാധിക്കുക.

HIGHLIGHTS- Anoop Pandalam sharing caricatures of Gulumal stars