കാരറ്റ് ജ്യൂസും ആരോഗ്യ ഗുണങ്ങളും

June 20, 2020
Carrot Juice Special Health benefits

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കാരറ്റ്. കണ്ണിനും ഹൃദയത്തിനും ചര്‍മ്മത്തിനുമെല്ലാം കാരറ്റ് ഗുണം ചെയ്യുന്നു. കാരറ്റ് കറിവെച്ചും ജ്യൂസാക്കിയും വെറുതെ കഴിക്കുന്നതുമെല്ലാം നല്ലതാണെങ്കിലും കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം കാരറ്റ് ജ്യൂസാക്കി കുടിക്കുന്നതാണ്. കാരറ്റ് ജ്യൂസിന്റെ ചില ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

നാരുകളാല്‍ സമ്പന്നമാണ് കാരറ്റ്. ആന്റി ഓക്സിഡന്റുകളും കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. രക്തചംക്രമണം മെച്ചപ്പെടുത്താനും കാരറ്റ് സഹായിക്കുന്നു. ഇതിനുപുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വര്‍ക്ക്ഔട്ടിനു ശേഷം കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

കാരറ്റില്‍ ജീവകം എ ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് വിറ്റാമിന്‍ എ. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന പിഗ്മെന്റ് മനുഷ്യ ശരീരത്തിലെത്തികഴിയുമ്പോള്‍ ജീവകം എ-ആയി മാറുന്നു. അതുകൊണ്ടുതന്നെ കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ജ്യൂസ് ഗുണം ചെയ്യും. കാഴ്ച ശക്തിയെ മെച്ചപ്പെടുത്താനും കാരറ്റ് ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു. ആരോഗ്യമുള്ള കണ്ണുകള്‍ക്ക് കാരറ്റ് ജ്യൂസ് ശീലമാക്കാം.

പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താനും ചര്‍മ്മ കാന്തി വര്‍ധിപ്പിക്കാനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താനും കാരറ്റ് ജ്യൂസ് ഗുണം ചെയ്യും.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. വിറ്റാമിനുകള്‍ക്ക് പുറമെ നിരവധി ധാതുക്കളും കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഉപദ്രവകാരികളായ ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം നല്‍കുന്നതിനും കാരറ്റ് ജ്യൂസ് ഗുണകരമാണ്.

Story highlights: Carrot Juice Special Health benefits