‘എല്ലാവരും കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. ഷൈലജ ടീച്ചറാണ് അവരുടെയെല്ലാം ഹീറോ’- അഭിനന്ദനമറിയിച്ച് കമൽഹാസൻ

കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് കേരളം. ഇപ്പോൾ തമിഴകത്തിന്റെ സൂപ്പർതാരം കമൽഹാസനും കേരളത്തിന് അഭിനന്ദനം അറിയിക്കുന്നു. ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറെ ഹീറോ എന്നാണ് കമൽഹാസൻ വിശേഷിപ്പിച്ചത്.

ആരോഗ്യമന്ത്രിയുമായി നടത്തിയ ലൈവ് വീഡിയോ ചാറ്റിനിടയിലാണ് കമൽഹാസന്റെ പരാമർശം. ഇതിന് മന്ത്രി നൽകിയ മറുപടിയും ശ്രദ്ധേയമായി.

‘എല്ലാവരും കേരളത്തെക്കുറിച്ച് സംസാരിക്കുന്നു. ഷൈലജ ടീച്ചറാണ് അവരുടെയെല്ലാം ഹീറോ’ എന്ന് കമൽഹാസൻ പറയുന്നു. മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു; ‘അങ്ങനെയല്ല സാർ, ആരോഗ്യപ്രവർത്തകരാണ് യഥാർത്ഥ ഹീറോസ്. ഞാൻ അവരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന എന്ന് മാത്രം’.

Read More:ജോക്കറുമുതൽ എലിസബത്ത് രാജ്ഞി വരെ; സോഷ്യൽ മീഡിയയിൽ താരമായി പെൺകുട്ടി

കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിനായി കൊവിഡ് പ്രതിരോധ പ്രവർത്തന രീതികൾ മന്ത്രിയിൽ നിന്നും അറിയാൻ വേണ്ടിയാണ് കമൽഹാസൻ ലൈവ് ചാറ്റിൽ എത്തിയത്. സർക്കാരിനെ സഹായിക്കാൻ പാർട്ടി നോക്കാതെ വോളന്റിയർമാരായി സമൂഹത്തിലേക്ക് ഇറങ്ങുകയാണെന്നും ഇനിയും ഇത്തരം ഉപദേശങ്ങൾ വേണമെന്നും പറഞ്ഞാണ് കമൽഹാസൻ ലൈവ് ചാറ്റ് അവസാനിപ്പിച്ചത്.

Story highlights-kamalhasan about k k shailaja teacher