വോഗിന്റെ മുഖചിത്രമായി ഷൈലജ ടീച്ചർ; പ്രൊഫൈൽ ചിത്രമാക്കി ഫഹദ് ഫാസിൽ

November 9, 2020

അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗ് കവർ പേജിൽ ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത് ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെയാണ്. വുമൺ ഓഫ് ദി ഇയർ 2020 എന്ന വിശേഷണത്തിനൊപ്പമാണ് ഷൈലജ ടീച്ചറുടെ ചിത്രം വോഗ് മുഖചിത്രമാക്കിയത്. ഇതിന് പിന്നാലെ ടീച്ചറുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഫഹദ് ഫാസിൽ ആരോഗ്യമന്ത്രിയുടെ അസുലഭ നേട്ടത്തിൽ അഭിമാനത്തോടെ പങ്കുചേരുകയാണ്.

കൊവിഡ് പ്രതിസന്ധി ശക്തമായിരുന്ന സമയത്തും കേരളത്തിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് രോഗപ്രതിരോധത്തിൽ പങ്കുവഹിച്ചത്. അതിന് ചുക്കാൻ പിടിച്ചത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ ഷൈലജ ടീച്ചറാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള വേഗത്തിലുള്ള രോഗപ്രതിരോധ നടപടികളിലൂടെ ലോക ശ്രദ്ധനേടിയ ഷൈലജ ടീച്ചറിന്റെ പ്രവർത്തനങ്ങളെ ആദരവോടെ അഭിനന്ദിക്കുകയാണ് വോഗ്. ഷൈലജ ടീച്ചറുടെ ഏകോപിത ശ്രമങ്ങൾ കേരളത്തിലെ കേസുകൾ ഒരു സമയത്ത് പൂജ്യമായി കുറച്ചിരുന്നു.

2018 ൽ നിപ്പ വൈറസ് പടർന്നുപിടിച്ചപ്പോഴും വളരെ ആത്മനിയന്ത്രണത്തോടെ പ്രവർത്തിച്ച ഷൈലജ ടീച്ചർ കേരളത്തിന്റെ അഭിമാനമായി മാറിയിരുന്നു.

Read More: ഒരു സെൽഫി വീഡിയോ ചിത്രീകരിക്കാനുള്ള കഷ്ടപ്പാടുകൾ- രസകരമായ ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

ഈ വർഷം ജൂണിൽ ഐക്യരാഷ്ട്രസഭ കേരളം പകർച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഷൈലജ ടീച്ചറെ അഭിനന്ദിച്ചിരുന്നു. ആഗോള പകർച്ചവ്യാധിയോട് കൃത്യമായി പ്രതികരിച്ച ചുരുക്കം ചില ലോക വനിത നേതാക്കളിൽ ഒരാളായി ഷൈലജ ടീച്ചറും ഇടംനേടിയിരിക്കുകയാണ്.

Story highlights- fahad fazil changed facebook profile photo with vogue magazine cover