45ന്റെ തിളക്കത്തിൽ നടിപ്പിൻ നായകൻ; സൂര്യക്ക് ജന്മദിനം ആശംസിച്ച് സിനിമാ ലോകം

45ന്റെ നിറവിലേക്ക് ചുവടുവയ്ക്കുകയാണ് തമിഴ് താരം സൂര്യ. ഒരുമാസം മുൻപ് തന്നെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. 45ലേക്ക് കടന്നെങ്കിലും കൂടുതൽ ചെറുപ്പവും ചുറുചുറുക്കും കാത്തുസൂക്ഷിക്കുന്ന സൂര്യക്ക് ജന്മദിന ആശംസകളുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി. ഒട്ടേറെ താരങ്ങളാണ് സൂര്യക്ക് പിറന്നാൾ ആശംസിച്ചത്.

ഉണ്ണി മുകുന്ദനും ആസിഫ് അലിയും പ്രിയ താരത്തിന് ആശംസകളറിയിച്ചു. മാത്രമല്ല, തമിഴകത്തിന് പുറമെ മലയാളികളും ഡിജിറ്റൽ ലോകത്ത് സൂര്യയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. കൊവിഡ് പ്രതിസന്ധി കാരണം ഡിജിറ്റൽ പോസ്റ്ററുകളിലൂടെയും മറ്റും ഓൺലൈനായാണ് ആരാധകരുടെ ആഘോഷം.

1997ൽ ‘നേർക്കുനേർ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന സൂര്യ 2001ൽ ബാല സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് ‘ഗജിനി’യുടെ വമ്പൻ വിജയം ‘നടിപ്പിൻ നായകൻ’ എന്ന വിശേഷണം തന്നെ സൂര്യക്ക് സമ്മാനിച്ചു. ‘കാക്ക കാക്ക’, ‘പിതാമഗൻ’, ‘ആയുധ എഴുത്ത്’, ‘സില്ലന് ഒരു കാതൽ’, ‘അയൻ’, ‘ആദവൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരനായി മാറി.

സിനിമയ്ക്കും അഭിനയത്തിനും മേലെ സൂര്യയെ ജനപ്രിയനാക്കിയത് അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളാണ്. വിദ്യാഭ്യാസം, ഭവന നിർമാണം, ചികിത്സാ സഹായം തുടങ്ങി ഒട്ടേറെ സഹായങ്ങൾ സൂര്യ നൽകുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അവരുടെ ഉന്നമനത്തിനായി ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നു.

Read More: ഇങ്ങനെയൊരു ഇടിമിന്നല്‍ മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍

1975 ജൂലൈ 23ന് പ്രമുഖ നടൻ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനായാണ് സൂര്യയുടെ ജനനം. ശരവണൻ ശിവകുമാർ എന്ന യഥാർത്ഥ പേരിൽ നിന്നും സിനിമയിലെത്തിയപ്പോൾ സൂര്യയായി. അഭിനേത്രിയായ ജ്യോതികയാണ് സൂര്യയുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കളാണുള്ളത്. സഹോദരൻ കാർത്തിയും സിനിമാ താരമാണ്.

Story highlights-suriya celebrates his 45th birthday