‘ലൈക്കു’കളിലൂടെ സുശാന്തിനെ വീണ്ടും സ്‌നേഹിച്ച് പ്രേക്ഷകര്‍; ചരിത്രംകുറിച്ച് ‘ദില്‍ ബേചാര’ ട്രെയ്‌ലര്‍

Sushant Singh Rajput Dil Bechara trailer breaks YouTube record

മരണത്തെ പലപ്പോഴും ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് വിശേഷിപ്പിക്കാറുണ്ട് ചിലരെങ്കിലും. ശരിയാണെന്ന് തോന്നും പലപ്പോഴും. അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയല്ലെ മരണം കവരുന്നതും. ഇനിയും ഒട്ടേറെ കഥാപാത്രങ്ങളെ ചലച്ചിത്ര ആസ്വാദകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്നിട്ടും മരണം കവര്‍ന്നു സുശാന്ത് സിങ് രജ്പുത് എന്ന അതുല്യ കലാകാരനെ. കലാലോകത്തു നിന്നും മാഞ്ഞിട്ടില്ല സുശാന്തിന്റെ ഓര്‍മ്മകള്‍.

സുശാന്ത് സിങ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല അദ്ദേഹം അവസാനമായി അഭിനയിച്ച ‘ദില്‍ ബേചാര’ എന്ന ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവുമൊക്കെ അടുത്തിടെയാണ് പുറത്തെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നതും.

പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദില്‍ ബേചാരെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. ഒരു കോടി ലൈക്ക് നേടുന്ന ആദ്യത്തെ ട്രെയ്‌ലര്‍ എന്ന റെക്കോര്‍ഡാണ് ദില്‍ ബേചാരെയുടെ ട്രെയ്‌ലര്‍ നേടിയത്. ഒരു പക്ഷെ സുശാന്തിനോടുള്ള സ്‌നേഹം ലൈക്കുകളിലൂടെ പ്രകടിപ്പിച്ചതാവാം ചലച്ചിത്ര ആസ്വാദകര്‍. കാരണം അത്രേമല്‍ പ്രിയപ്പെട്ടവനായിരുന്നു ചലച്ചിത്രാസ്വാദകര്‍ക്ക് സുശാന്ത്.

Read more:മിക്ക വീടുകളിലേക്കും പഴങ്ങളും പച്ചക്കറികളുമടക്കം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ നായക്കുട്ടി

ട്രെയ്‌ലര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ ഏറ്റവും അധികം ലൈക്ക് നേടിയ ട്രെയ്‌ലര്‍ എന്ന നേട്ടവും ദില്‍ ബേചാരെ സ്വന്തമാക്കിയിരുന്നു. ജൂലൈ ആറിന് പുറത്തെത്തിയ ട്രെയ്‌ലര്‍ ഇതുവരെ ഏഴ് കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

Story highlights: Sushant Singh Rajput Dil Bechara trailer breaks YouTube record