മിക്ക വീടുകളിലേക്കും പഴങ്ങളും പച്ചക്കറികളുമടക്കം സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ നായക്കുട്ടി

July 15, 2020
Dog deliveries help Colombians shop during pandemic

തലവാചകം വായിക്കുമ്പോള്‍ കൗതുകം തോന്നും പലര്‍ക്കും. ചിലര്‍ സംശയിച്ച് നെറ്റി ചുളിച്ചേക്കാം. പക്ഷെ സംഗതി സത്യമാണ്. വീടുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന ഒരു നായയുണ്ട്. കഥകളിലും സിനിമകളിലുമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍.

നായകള്‍ പലപ്പോഴും മനുഷ്യരുമായി അടുത്ത സ്‌നേഹബന്ധം പുലര്‍ത്താറുണ്ട്. ഇത് തെളിയിക്കുന്ന നിരവധി വാര്‍ത്തകളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ വീട്ടു സാധനങ്ങള്‍ കൃത്യമായി എത്തിച്ചു നല്‍കുന്ന ഒരു നായയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല.

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മെഡെലനിലുള്ള തെരുവു വീഥികളിലൂടെ സാധനങ്ങളും കടിച്ചു പിടിച്ച് നടക്കുന്ന നായക്കുട്ടി പലര്‍ക്കും കൗതുകക്കാഴ്ചയാണ്. ഈറോസ് എന്നാണ് ഈ നായയുടെ പേര്. മെഡെലനിലുള്ള എല്‍ പോര്‍വനീര്‍ എന്ന മിനി മാര്‍ക്കറ്റില്‍ നിന്നും പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന സാധനങ്ങള്‍ പല വീടുകളിലും എത്തിച്ചു നല്‍കുന്നത് ഈറോസ് എന്ന നായയാണ്.

കൊറോണക്കാലത്ത് ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാനാണ് ഇത്തരം ഒരു മാര്‍ഗം സ്വീകരിച്ചതെന്നാണ് ഈറോസിന്റെ ഉടമയായ മരിയ നാട്ടിവിഡാസ് ബോട്ടേരോ വ്യക്തമാക്കുന്നത്. നായക്ക് കൃത്യമായ ശുചിത്വ പരിപാലനം ഇവര്‍ ഉറപ്പാക്കുന്നുമുണ്ട്. ചോക്ലേറ്റ് നിറമാണ് ഈറോസിന്. എട്ടു വയസ്സുണ്ട് പ്രായം. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെടുന്ന ഈറോസിന്റെ ഓമനത്തമുള്ള മുഖം ആരിലും സ്‌നേഹം നിറയ്ക്കും.

വര്‍ഷങ്ങള്‍ക്കു മുന്നേ ഈറോസിന്റെ ഉടമയും കുടുംബവും അയല്‍നഗരമായ ട്യൂലിപ്പെയ്ന്‍സില്‍ ഒരു മിനി മാര്‍ക്കറ്റ് ആരംഭിച്ചിരുന്നു. അവിടെ നിന്നും സാധനങ്ങളുടെ ഡെലിവറിക്കായി പോകുമ്പോള്‍ അവര്‍ ഈറോസിനേയുംകൂട്ടി തുടങ്ങി. അങ്ങനെ നായ ഫുഡ് ഡെലിവെറി പഠിച്ചു. വീടുകളുടെ വിലാസം അറിയില്ലെങ്കിലും പരിശീലനത്തിലൂടെ ഓരോ വീട്ടിലേക്കും എങ്ങനെ പോകണമെന്ന് ഈറോസിന് കൃത്യമായി അറിയാം.

എല്‍ പോര്‍വനീര്‍ മിനിമാര്‍ക്കറ്റിലെ സ്ഥിരം ഉപഭോക്താക്കളായ അഞ്ചിലധികം ആളുകളുടെ വീടുകളും മറ്റ് വിവരങ്ങളുമൊക്കെ ഈറോസിന് വ്യക്തമാണ്. സാധനങ്ങള്‍ ഡെലിവെറി ചെയ്തു കഴിയുമ്പോള്‍ ഉപഭോക്താക്കള്‍ മരിയയുടെ അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഓരോ വീട്ടുകാരുടേയും സ്‌നേഹവും പരിപാലനവും ഏറ്റുവാങ്ങി ആ തെരുവു വീഥികളിലൂടെ ഈറോസ് നടക്കുന്നു, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി.

Story highlights: Dog deliveries help Colombians shop during pandemic