‘അഞ്ചാം പാതിരാ’യുടെ റീമേക്കിലൂടെ ബോളിവുഡിലേക്ക് ചേക്കേറാൻ ഒരുങ്ങി മിഥുൻ മാനുവൽ തോമസ്

മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ‘അഞ്ചാം പാതിരാ’ ബോളിവുഡിലേക്ക്. ചിത്രത്തിന് റീമേക്ക് ഒരുക്കുന്നതിലൂടെ സംവിധായകൻ മിഥുൻ മനുവലും ബോളിവുഡിലേക്ക് ചേക്കേറുകയാണ്. റിലയൻസ് എന്റെർറ്റൈന്മെന്റ്, എ പി ഇന്റർനാഷണൽ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരുവോണ ദിനത്തിലാണ് റീമേക്ക് വിശേഷം മിഥുൻ മാനുവൽ പങ്കുവെച്ചത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് അഞ്ചാം പാതിരാ. മലയാളത്തിൽ കുഞ്ചാക്കോ ബോബന് പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാമാണ് സംഗീതം നിർവഹിച്ചത്.

ബോളിവുഡ് റീമേക്കിൽ ആരൊക്കെ താരങ്ങളാകുമെന്നൊന്നും മിഥുൻ മാനുവൽ വ്യക്തമാക്കിയിട്ടില്ല. ഇത് തന്റെ ബോളിവുഡ് അരങ്ങേറ്റമായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ എത്തുമെന്നും മിഥുൻ മാനുവൽ ഫേസ്ബുക്കിൽ പങ്കുവെച്ചു.

Story highlights- anjam pathiraa Bollywood remake