തിരുവോണ നാളിൽ പിറന്നാൾ ആഘോഷിച്ച് ജയസൂര്യ; ആശംസയുടെ പായസ മധുരവുമായി സിനിമാലോകം

മലയാളികളുടെ ജനപ്രിയ നടനാണ് ജയസൂര്യ. തിരുവോണദിനത്തിൽ പിറന്നാളും കൂടി എത്തിയ സന്തോഷത്തിലാണ് താരം. നിരവധി താരങ്ങൾ ജയസൂര്യക്ക് ആശംസയുമായി എത്തി. 42-ാം വയസിലേക്ക് കടക്കുന്ന ജയസൂര്യക്ക് ആരാധകരും ആശംസകൾ അറിയിച്ചു.

പൃഥ്വിരാജ്, അനുസിത്താര തുടങ്ങിയവർ ജയസൂര്യക്ക് ആശംസ അറിയിച്ചു. 1978ൽ തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രി കലാകാരനായാണ് തുടക്കമിടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്.

സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. സൂഫിയും സുജാതയും എന്ന ചിത്രമാണ് ജയസൂര്യയുടേതായി പ്രേക്ഷകരിലേക്ക് ഒടുവിൽ എത്തിയ ചിത്രം. നായകനായി മാത്രമേ വേഷമിടു എന്ന നിർബന്ധമില്ലാതെ യോജിക്കുന്ന ഏതു വേഷവും ചെയ്യാൻ ജയസൂര്യ തയ്യാറാണ്. മറ്റു നടന്മാരിൽ നിന്നും ജയസൂര്യയെ വേറിട്ട് നിർത്തുന്നതും ഈ പ്രത്യേകത കൊണ്ടാണ്.

അതേസമയം, ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വെള്ളത്തിന്റെ ടീസർ ജന്മദിനത്തിൽ എത്തിയിരിക്കുകയാണ്.കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

Story highlights- jayasurya’s 42nd birthday