മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിച്ച് അജിത്- ശ്രദ്ധനേടി പുത്തൻ ലുക്ക്

എച്ച് വിനോത് സംവിധാനം ചെയ്യുന്ന വലിമയ് ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്ക് ഡൗണിന് ശേഷം അജിത് പുനഃരാരംഭിച്ചു. തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകോണ്ടയ്‌ക്കൊപ്പമുള്ള രംഗങ്ങൾ ചിത്രീകരിക്കാനായി ഒരുക്കിയ ചെന്നൈയിലെ സെറ്റിൽ നിന്നും ഇപ്പോൾ അജിത്തും നടി ഹുമ ഖുറേഷിയും ഉൾപ്പെടെയുള്ള ടീം ഹൈദരാബാദിലേക്കെത്തിയിരിക്കുകയാണ്. മാസങ്ങൾക്ക് ശേഷം സെറ്റിൽ നിന്നും അജിത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

ഏഴുമാസത്തിനുശേഷം ചിത്രീകരണം പുനഃരാരംഭിച്ച സാഹചര്യത്തിൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ താരത്തിനെ കാണാനെത്തിയ ആരാധകർ പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വലിമയ് എന്ന ചിത്രത്തിനായുള്ള ലുക്കിലാണ് താരം. ക്‌ളീൻ ഷേവിൽ കണ്ണട വെച്ചിരിക്കുന്ന അജിത് നിരവധി ചിത്രങ്ങളാണ് ആരാധകർക്കൊപ്പം പകർത്തിയത്.

അജിത്, കാർത്തികേയ ഗുമ്മകോണ്ട, ഹുമ ഖുറേഷി എന്നിവർ അഭിനയിക്കുന്ന 15 ദിവസത്തെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഈ ഷെഡ്യൂളോട് കൂടി ചിത്രം പൂർത്തിയാകും. നേരത്തെ ഡൽഹിയിൽ ചിത്രീകരണം നടത്താനായിരുന്നു പദ്ധതിയെങ്കിലും അനുമതി പ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത് ഈ സിനിമയിൽ ഒരു പോലീസുകാരനായാണ് വേഷമിടുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.

Read More: അജിത്തിനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ

അതേസമയം, അജിത്തിന്റെ 61മത്തെ ചിത്രം സുധ കൊങ്കരയുടെ ഒപ്പമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.അജിത് നായകനാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

Story highlights- ajith new look