‘പൂജ്യത്തിൽ തുടങ്ങി ആറുമാസത്തിനുള്ളിൽ ഇത്രയുമെത്തിയത് പ്രധാന ജീവിത നേട്ടമായി തോന്നുന്നു’- ലോക്ക് ഡൗണിൽ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് ആൻഡ്രിയ

October 27, 2020

എത്ര വൈകിയാലും പുതിയതെന്തെങ്കിലും പഠിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണ്. സിനിമയിലും പാട്ടിലുമെല്ലാം തിളങ്ങിയെങ്കിലും ലോക്ക് ഡൗൺ കാലത്ത് പുതിയൊരു സന്തോഷം കണ്ടെത്തിയ ആവേശത്തിലാണ് നടി ആൻഡ്രിയ ജെർമിയ. തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് പാചകം പഠിക്കാൻ സാധിച്ചതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ആൻഡ്രിയ.

കേക്കുകളിൽ ആരംഭിച്ച പാചക പരീക്ഷണം വിജയകരമായ സന്തോഷത്തിലാണ് താരം. മാർച്ച് മുതൽ തന്നെ കേക്ക് ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു നടി. ഇപ്പോഴിതാ, പാചകം അഭിനയത്തെക്കാളും, പാട്ടിനേക്കാളും വലിയ അംഗീകാരങ്ങളാണ് നൽകുന്നതെന്ന് പറയുകയാണ് ആൻഡ്രിയ.

ഒരു ബേക്കർ എന്ന നിലയിലുള്ള തന്റെ പുരോഗതിയെക്കുറിച്ചാണ് ആൻഡ്രിയ പറയുന്നത്. ‘ ഇതുവരെയുള്ള ജീവിതത്തിൽ, എന്റെ ആലാപനത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ആരെങ്കിലും നല്ലത് പറയുമ്പോഴെല്ലാം ഞാൻ മര്യാദയോടെ പുഞ്ചിരിക്കുകയും അഭിമാനിക്കുകയും ചെയ്യും. പക്ഷേ ആരെങ്കിലും ഞാനുണ്ടാക്കിയ കേക്കിനെ പ്രശംസിക്കുമ്പോൾ ഞാൻ വല്ലാതെ ആവേശത്തിലാകും…ഒരുപക്ഷേ എനിക്ക് ഓർമവെച്ച നാൾമുതൽ ഞാൻ സ്റ്റേജിലുണ്ടായിരിക്കാം, പക്ഷേ ലോക്ക്ഡൗൺ വരെ അടുക്കളയിൽ പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൂജ്യത്തിൽ തുടങ്ങി 6 മാസത്തിനുള്ളിൽ ഇത്രയുമെത്തിയത് പ്രധാന ജീവിത നേട്ടമായി തോന്നുന്നു. അത് ആഘോഷിക്കുന്നതിനായി എന്റെ ബേക്കിംഗ് പോസ്റ്റുകളുടെ ഒരു പരമ്പര നിങ്ങൾക്കായി പങ്കുവയ്ക്കുന്നു’- ആൻഡ്രിയ കുറിക്കുന്നു.

Read More: കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ‘നിഴൽ’ ചിത്രീകരണം ആരംഭിച്ചു

അടുത്തിടെ സുഹൃത്ത് ഐശ്വര്യ രാജേഷിനായി കേക്ക് ഉണ്ടാക്കിയ വിശേഷം ആൻഡ്രിയ പങ്കുവെച്ചിരുന്നു. അതേസമയം, ആൻഡ്രിയ സിനിമാതിരക്കിലേക്കും ചേക്കേറി. വിജയ്‌ നായകനാകുന്ന മാസ്റ്ററിൽ ഒരു പ്രധാന വേഷത്തിൽ ആൻഡ്രിയ എത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ, വിജയ് സേതുപതി, ശാന്ത്നു, ഗൗരി കിഷൻ, അർജുൻ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.

Story highlights- andreah about baking