പിറന്നാള്‍ നിറവില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

Diego Maradona 60th birthday

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരില്‍ ഒരാളാണ് ഡീഗോ മറഡോണ. ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍ അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നപ്പോളി, സെവിയ്യ, നെവല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകള്‍ക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകളും നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചു. 1986 ലെ ലോകകപ്പ് കിരീടത്തിലേക്ക് അര്‍ജന്റീനയെ നയിച്ചതില്‍ സുപ്രധാനമായ പങ്കുവഹിച്ചതും മറഡോണ തന്നെയാണ്. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ ഇതേ ലേകകപ്പില്‍ സ്വന്തമാക്കുകയും ചെയ്തു.

അതേസമയം 1986 ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ മറഡേണ നേടിയ രണ്ട് ഗോളുകള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. ഇവയില്‍ ഒരു ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും മറ്റേത് ‘നൂറ്റാണ്ടിലെ ഗോള്‍’ എന്നും അറിയപ്പെടുന്നു. എക്കാലത്തും ആരാധകര്‍ ഏറെയുള്ള കളിക്കാരനാണ് ഡീഗോ മറഡോണ.

Story highlights: Diego Maradona 60th birthday