23 വര്‍ഷങ്ങള്‍ക്ക് ശേഷം കാമറൂണിനൊപ്പം; അവതാര്‍ 2-ല്‍ കേറ്റ് വിന്‍സലെറ്റും

Kate Winslet acts in Avatar-2

വെള്ളിത്തിരയില്‍ വിസ്മയ കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. അവതാര്‍ 2 വിന്റെ പ്രഖ്യാപനവും പ്രേക്ഷകര്‍ ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് അടുത്തിടെ അവതാര്‍ 2-ന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. വെള്ളത്തിനടിയിലാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു വിശേഷം കൂടി പുറത്തെത്തിയിരിക്കുകയാണ്. അവതാര്‍ രണ്ടാം ഭാഗത്തില്‍ കേറ്റ് വിന്‍സലെറ്റും കഥാപാത്രമായെത്തുന്നു. 1997-ല്‍ പ്രേക്ഷകരിലേക്കെത്തിയ ടൈറ്റാനിക്കിന് ശേഷം ഇത് ആദ്യമായാണ് കാമറൂണും കേറ്റ് വിന്‍സലെറ്റും ഒരുമിക്കുന്നത്.

അതേസമയം അവതാറിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും അവസാന ഘട്ടത്തിലാണ്. അടുത്ത വര്‍ഷം ഡിസംബറിലായിരുന്നു അവതാര്‍-2 റിലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് 2022 ഡിസംബര്‍ 16 ലേക്ക് മാറ്റി. കൊവിഡ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിന് അഞ്ച് തുടര്‍ഭാഗങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാം വര്‍ത്തിങ്ടണ്‍, സൊയേ സല്‍ഡാന, സിഗോര്‍ണി വീവര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 2009-ലാണ് ജെയിംസ് കാമറൂണ്‍ അവതാര്‍ വെള്ളിത്തിരയിലെത്തിച്ചത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രം വമ്പന്‍ വിജയമായിരുന്നു. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമുടെ നിര്‍മാണം. 2012-ലാണ് കാമറൂണ്‍ അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

Story highlights: Kate Winslet acts in Avatar-2