ബോക്സോഫീസിൽ 2 ബില്യൺ നേടി ‘അവതാർ 2’; കളക്ഷൻ റെക്കോർഡുകളിൽ മുൻപിലുള്ളത് ഈ ചിത്രങ്ങൾ

January 23, 2023

കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജയിംസ് കാമറൂൺ ‘അവതാർ 2’വിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയത്. 13 വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയായിരുന്നു. ഡിസംബർ 16 നാണ് ചിത്രം റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്‌മയം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്.

ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ 2 ബില്യൺ ഡോളറിലെത്തിയെന്നാണ് (16000 കോടി) പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക ബോക്സോഫീസ് കളക്ഷനിൽ സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെ മറികടന്ന് ഇപ്പോൾ ആറാം സ്ഥാനത്താണ് അവതാർ 2. സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ് എൻഡ്ഗെയിം, ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക്, അവതാർ എന്നീ ചിത്രങ്ങളാണ് ബോക്സോഫീസ് കളക്ഷനിൽ അവതാർ 2 വിന് മുൻപിലുള്ളത്.

അതേ സമയം ടോം ക്രൂസിന്റെ ടോപ് ഗൺ: മാവറിക്കിനെ പിന്തള്ളി അവതാർ 2 കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറിയിരുന്നു. ഇതോടെ ചിത്രത്തിന് തുടർഭാഗങ്ങളുണ്ടാവുമെന്നും ഉറപ്പിച്ചിരിക്കുകയാണ് കാമറൂൺ. സിനിമ ലോകത്തെ മന്ത്രികനാണ് ജയിംസ് കാമറൂൺ. 15 വർഷത്തോളം കാത്തിരുന്ന് സിനിമ ചിത്രീകരിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം അവതാറിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചത്. ഇപ്പോൾ രണ്ടാം ഭാഗവും വരാൻ പോകുന്ന ചിത്രത്തിന്റെ മറ്റ് ഭാഗങ്ങളും ഏറെ നാളത്തെ റിസേർച്ചിന് ശേഷമാണ് സംവിധായകൻ വികസിപ്പിച്ചത്.

Read More: ഗോവൻ തീരത്ത് സുഹൃത്തിനൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ- വിഡിയോ

നേരത്തെ ജയിംസ് കാമറൂണിന്റെ മറ്റൊരു മാജിക്കും ചിത്രത്തിന്റെ റിലീസിന് ശേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘അവതാർ 2’ വിലെ കേന്ദ്ര കഥാപാത്രമായ കിരിയായി അഭിനയിച്ചത് ആദ്യ ഭാഗത്തിലെ ഡോക്ടർ ഗ്രേസിനെ അവതരിപ്പിച്ച സിഗോണി വീവർ തന്നെയാണ്. 72 കാരിയായ സിഗോണി 12 വയസ്സുള്ള കിരിയായി എത്തി അത്ഭുതം കാട്ടുകയായിരുന്നു. മോഷൻ ക്യാപ്ച്ചർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ കൗമാരക്കാരായ പെൺകുട്ടികൾക്കൊപ്പം സിഗോണി ഒരു അഭിനയ പരിശീലന വർക്‌ഷോപ്പിലും പങ്കെടുത്തിരുന്നു.

Story Highlights: Avatar 2 record collection from box office