വെബ് സീരിസുമായി മെക്കാർട്ടിൻ- ‘കില്ലർ ജോണി’ വരുന്നു

സിനിമയിൽ നിന്നും വെബ് സീരിസിലേക്ക് ചേക്കേറി സംവിധായകൻ മെക്കാർട്ടിൻ. കില്ലർ ജോണിയെന്ന വെബ് സീരിസുമായാണ് മെക്കാർട്ടിൻ എത്തുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതരായ റാഫി- മെക്കാർട്ടിൻ കൂട്ടുകെട്ടിലെ മെക്കാർട്ടിൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സീരീസാണ് കില്ലർ ജോണി.

വെബ് സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് സോഹന്‍ സീനുലാലാണ്. ഹിപ്പോ പ്രൈമിന്റെ ബാനറിലാണ് വെബ് സീരീസ് ഒരുങ്ങുന്നത്. സീരീസിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സീരീസിന് തിരക്കഥ എഴുതിയിരിക്കുന്നതും മെക്കാര്‍ട്ടിനാണ്. കില്ലര്‍ ജോണി വെബ് സീരീസ് നിര്‍മിക്കുന്നത് സജീഷ് മഞ്ചേരിയാണ്. ക്യാമറ-ബിനു കുര്യന്‍. അടുത്ത മാസം സീരീസ് റിലീസ് ചെയ്യുമെന്നാണ് വിവരം.

സിദ്ദിഖ് – ലാൽ മാരുടെ സഹസംവിധായകരായാണ് റാഫി-മെക്കാർട്ടിൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇവർ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത്. ഹാസ്യം പ്രമേയമായ ഇവരുടെ ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടി.

Story highlights- killer johny web series