സൂപ്പർ ഓവറിൽ ഉദ്വേഗജനകമായ വിജയം കൊയ്ത് കൊൽക്കത്ത

ഹൈദരാബാദിനെതിരെ സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ കൊൽക്കത്തയ്ക്ക് ഉദ്വേഗജനകമായ വിജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ടു റൺസ് മാത്രമാണ് നേടിയത്. വിജയലക്ഷ്യമായ മൂന്ന് റൺസ് കൊൽക്കത്ത നാലു പന്തുകളിൽ മറികടന്നു.

നിശ്ചിത ഓവറിൽ കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസും ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസും നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

 ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 163 റൺസ് നേടിയത്. 36 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മോർഗൻ 34 റൺസ് നേടി. സൺറൈസേഴ്സിനായി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.

ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും, രാഹുൽ ത്രിപാഠിയും ചേർന്ന് ആദ്യ വിക്കറ്റിൽ 48 റൺസാണ് എടുത്തത്. രാഹുൽ ത്രിപാഠി (23) പുറത്തായതോടെ   ക്രീസിലെത്തിയത് നിതീഷ് റാണയായിരുന്നു. പിന്നാലെ 36 റൺസെടുത്ത ശുഭ്മാൻ ഗിൽ പുറത്തായി. 29 റൺസെടുത്ത റാണയും പുറത്തായി. ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ കൂട്ടുകെട്ടാണ് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഹൈദരാബാദിനായി നടരാജൻ രണ്ടും വിജയ് ശങ്കർ, റാഷിദ് ഖാൻ, ബേസിൽ തമ്പി എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.

ജോണി ബെയർസ്റ്റോ– കെയ്ൻ വില്യംസണ്‍ കൂട്ടുകെട്ടിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 58 റൺസ് ഒന്നാം വിക്കറ്റിൽ നേടി. 19 പന്തിൽ 29 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ആദ്യം പുറത്തായത്. നാലാമനായി ഇറങ്ങിയ ഡേവിഡ് വാർണർ ഐപിഎല്ലിൽ 5000 റണ്‍സ് എന്ന നേട്ടവും ഈ മത്സരത്തിൽ പിന്നിട്ടു. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 18 റൺസായിരുന്നു. വാർണർ സ്കോർ കൊൽക്കത്തയ്ക്ക് ഒപ്പമെത്തിച്ചതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.  അബുദാബിയിലാണ് മത്സരം നടന്നത്.

Story highlights- KKR won the super over