ഓസീസ് നായകനായി മുടക്കിയത് 20.5 കോടി; റെക്കോഡ് തുകയില്‍ പാറ്റ് കമ്മിന്‍സ് ഹൈദരബാദില്‍

December 19, 2023

ഐപിഎല്‍ മിനി താരത്തില്‍ വമ്പന്‍ നേട്ടവുമായി ഓസ്‌ട്രേലിയയുടെ ലോകകപ്പ് നായകന്‍ പാറ്റ് കമ്മിന്‍സ്. 20.50 കോടി രൂപയ്ക്ക സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് താരത്തെ കൂടാരത്തിലെത്തിച്ചത്. തുടക്കം മുതല്‍ ചെന്നൈയും മുംബൈയും കമ്മിന്‍സിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചേര്‍ന്നതോടെ ലേലം ആവേശത്തിന്റെ പരകോടിയിലെത്തി. ഒടുവില്‍ രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സ് 20.5 കോടി രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി. കഴിഞ്ഞ ലേലത്തില്‍ ഇംഗ്ലണ്ട് താരം സാം കറനെ 18.50 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ( Pat Cummins becomes most expensive buy in IPL history )

ഏകദിന ന്യുസിലന്‍ഡിന്റെ ലോകകപ്പ് ഹീറോ രചിന്‍ രവീന്ദ്രയ്ക്ക് വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടിയാണ് താരത്തിന് ലഭിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കിവീസ് താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സാണ് വിളിച്ചെടുത്തത്. ശ്രീലങ്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയും ചെറിയ തുകയ്ക്കാണ് വിറ്റുപോയത്. അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ലങ്കന്‍ താരത്തെ സ്വന്തമാക്കിയത്. ഓസീസ് താരം ട്രാവിസ് ഹെഡ് ഇത്തവണ ഹൈദരബാദ് ജഴ്‌സിയണിയും. 6.8 കോടി രൂപയാണ് താരത്തിന്റെ മൂല്യം.

Read Also : വെള്ളത്തിന് പകരം കുടിച്ചിരുന്നത് ബബിൾ ടീ; യുവതിയുടെ വൃക്കയിൽ 300 കല്ലുകൾ

വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ശക്തമായി ലേലം വിളിച്ചത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി. ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ, സ്റ്റീവ് സ്മിത്ത്, മനീഷ് പണ്ഡെ, കരുണ്‍ നായര്‍ എന്നിവര്‍ക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവന്നില്ല. നിലവില്‍ താര ലേലം പുരോഗമിക്കുകയാണ്.

Story Highlights : Pat Cummins becomes most expensive buy in IPL history