പൊരുതിവീണ് ബെംഗളൂരു; ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് ഒരു റൺ ജയം

April 21, 2024

ഐപിഎല്ലില്‍ അവസാന പന്ത് വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്്‌സ് ബെംഗളൂരുവിന് ഒരു റണ്ണിന്റെ തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു അവസാമ ഓവറിലെ അവസാന പന്തില്‍ 221 റണ്‍സില്‍ എല്ലാവരും പുറത്താകുകയായിരുന്നു. അവസാന ഓവറില്‍ ജയത്തിനായി ബെംഗളൂരുവിന് വേണ്ടിയിരുന്നത് 21 റണ്‍സ്. മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന സിക്‌സര്‍ പറത്തി കരണ്‍ ശര്‍മ പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങിയതോടെ ബെംഗളൂരുവിന്റെ ജയപ്രതീക്ഷ മങ്ങി. ഇതോടെ ആര്‍സിബിക്ക് അവസാന പന്തില്‍ ജയിക്കാനായി വേണ്ടിയിരുന്നത് മൂന്ന് റണ്‍സായിരുന്നു. എന്നാല്‍ രണ്ടാം റണ്ണിനായുള്ള ഓടിയ ലോക്കി ഫെര്‍ഗൂസന്‍ റണ്ണൗട്ടായതോടെ കെകെആര്‍ 1 റണ്ണിന് വിജയിക്കുകയായിരുന്നു. ( Kolkata knight riders vs Royal challengers Bengaluru )

കൊല്‍ക്കത്തയുടെ മികച്ച സ്‌കോറിലേക്ക് ബാറ്റുവീശിയ ബെംഗളൂരുവിന് മികച്ച തുടക്കമാണ് കോലി നല്‍കിയത്. എന്നാല്‍ 7 പന്തില്‍ 18 റണ്‍സുമായി ഹര്‍ഷിത് റാണയുടെ റിട്ടേണ്‍ ക്യാച്ചില്‍ കോലി മടങ്ങി. പിന്നാലെ ഏഴ് റണ്‍സുമായി ഫാഫ് ഡുപ്ലെസിയും മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വില്‍ ജാക്സ്-രജത് പാടിദാര്‍ സഖ്യമാണ് ടീമിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഇരുവരും കൊല്‍ക്കത്ത ബോളര്‍മാരെ തകര്‍ത്തടിച്ച് കുതിച്ചു.

ഒടുവില്‍ രണ്ട് പേരയെും ഒരേ ഓവറില്‍ പുറത്താക്കിയ ആന്ദ്രെ റസലാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 35 റണ്‍സില്‍ ഒത്തുചേര്‍ന്ന സഖ്യം 137ലാണ് പിരിഞ്ഞത്. കൂറ്റനടിക്കുള്ള ശ്രമങ്ങള്‍ക്കിടെയാണ് വില്‍ ജാക്സും (32 പന്തില്‍ 55), രജത് പാടിദാറും (23 പന്തില്‍ 52) പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കാമറൂണ്‍ ഗ്രീന്‍ (4 പന്തില്‍ 6), മഹിപാല്‍ ലോംറര്‍ (3 പന്തില്‍ 4) വേഗത്തില്‍ പുറത്തായി. 24 റണ്‍സെടുത്ത സായുഷും 25 റണ്‍സുമായി കാര്‍ത്തിക്കും പൊരുതി. അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തകര്‍ത്തടിച്ച് പ്രതീക്ഷ നല്‍കിയ കരണ്‍ ശര്‍മ പുറത്തായതോടെ ആര്‍സിബിയുടെ പോരാട്ടം അവസാനിച്ചു. ഏഴ് പന്തില്‍ 20 റണ്‍സുമായായിരുന്നു കരണിന്റെ മടക്കം.

Read Also : ‘100 ശതമാനം തയ്യാര്‍, ലോകകപ്പ് ടീമിലിടം നേടാന്‍ പരമാവധി പ്രയത്‌നിക്കും’- ദിനേശ് കാർത്തിക്

നേരത്തെ ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 222 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തുകയായിരുന്നു. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (48), നായകന്‍ ശ്രേയസ് അയ്യര്‍ (50), റിങ്കു സിംഗ് (24) എന്നിവര്‍ക്കൊപ്പം ആന്ദ്രേ റസല്‍ (27), രമണ്‍ദീപ് സിംഗ് (24) എന്നിവരുടെ ബാറ്റിങ്ങാണ് കെകെആറിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Story highlights : Kolkata knight riders vs Royal challengers Bengaluru